Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഐസി 814: ദി കാണ്ഡഹാർ ഹൈജാക്ക്’ വെബ് ​സീരീസീനെതിരായ പരാതി; നെറ്റ്ഫ്ലിക്സ് കണ്ടന്റ് മേധാവി ഹാജരായി

03 Sep 2024 16:39 IST

Shafeek cn

Share News :

ഡല്‍ഹി: കാണ്ഡഹാര്‍ വിമാനറാഞ്ചലിനെ പറ്റിയുള്ള വെബ് സീരീസീനെതിരായ പരാതിയില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്ത്യയിലെ കണ്ടന്റ് മേധാവി വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ ഹാജരായി. ഇന്നലെയാണ് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. സീരീസിന്റെ ഉള്ളടക്കം പരിശോധിക്കുമെന്നും, ഭാവിയില്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകള്‍ രാജ്യത്തെ വികാരവും പരിഗണിക്കുന്നതാകുമെന്നും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.


വിമാനറാഞ്ചല്‍ നടത്തിയവര്‍ക്ക് സീരീസില്‍ ഹിന്ദു പേരുകള്‍ നല്‍കിയത് വിവാദമായിരുന്നു. അന്നത്തെ എന്‍ഡിഎ സര്‍ക്കാറിന്റെ വീഴ്ചയെ കുറിച്ചും ഐസി 814: ദ കാണ്ഡഹാര്‍ ഹൈജാക്ക് എന്ന സീരീസീല്‍ പ്രതിപാദിക്കുന്നുണ്ട്. 'ഐസി 814:ദ കാണ്ഡഹാര്‍ ഹൈജാക്ക്'ന്റെ ട്രെയിലര്‍ ഓഗസ്റ്റ് 19 നാണ് പുറത്തിറങ്ങിയത്. 1999 ല്‍ അഞ്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ഒരു ഇന്ത്യന്‍ വിമാനം ഹൈജാക്ക് ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് സീരീസ്.


രാജ്യത്തെ നടുക്കിയ വേദനാജനകമായ സംഭവമായ കാണ്ഡഹാര്‍ ഹൈജാക്കുമായി ബന്ധപ്പെട്ടതാണ് സീരീസ്. 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്' എന്ന സീരിസില്‍ വിജയ് വര്‍മ്മ റാഞ്ചിയ വിമാനത്തിന്റെ ക്യാപ്റ്റനായാണ് വേഷമിടുന്നത്. വിജയ് വര്‍മ്മയെ കൂടാതെ, നസറുദ്ദീന്‍ ഷാ, മനോജ് പഹ്വ, കുമുദ് മിശ്ര, അരവിന്ദ് സ്വാമി, ദിയാ മിര്‍സ, പങ്കജ് കപൂര്‍, പത്രലേഖ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.


പ്രശസ്തനായ ചലച്ചിത്ര സംവിധായകന്‍ അനുഭവ് സിന്‍ഹയുടെ ഒടിടി അരങ്ങേറ്റം കൂടിയാണ് 'ഐസി 814: ദ കാണ്ഡഹാര്‍ ഹൈജാക്ക്. കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 814, തീവ്രവാദികള്‍ ഹൈജാക്ക് ചെയ്ത് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് തിരിച്ചുവിട്ടു. തീവ്രമായ ചര്‍ച്ചകളാലും സങ്കീര്‍ണ്ണമായ നയതന്ത്ര ശ്രമങ്ങളാലും അടയാളപ്പെടുത്തിയ ഈ തര്‍ക്കം ദിവസങ്ങളോളം നീണ്ടുനിന്നിരുന്നു.




Follow us on :

More in Related News