Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2025 15:27 IST
Share News :
തലയോലപ്പറമ്പ്: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രിക സമ്മർദ്ദത്തിനും അച്ചടക്ക നടപടി ഭീഷണിക്കും വഴങ്ങാതെ ഇടത് വലത് മുന്നണികളെ വെട്ടിലാക്കി വിമതർ മത്സര രംഗത്ത് സജീവമായി. ഇരു മുന്നണികളുടെയും വിജയ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ് പലയിടത്തും വിമതരുടെ പോരാട്ടം. ഒട്ടുമിക്ക വാർഡുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്ന തലയോലപ്പറമ്പിൽ യു.ഡി.എഫിന് ഒരിടത്തും, എൽ.ഡി.എഫിന് രണ്ടിടങ്ങളിലുമാണ് വിമത ഭീഷണി. വാർഡ് ഒന്നിലും ഏഴിലുമാണ് എൽഡിഎഫ് മുന്നണിക്ക് വിമത ഭീഷണിയെങ്കിൽ. രണ്ടാം വാർഡിലാണ് യു.ഡി.എഫിന് ശക്തമായ വിമത ശല്യം ഉള്ളത്. ഒന്നാം വാർഡിൽ എൽഡിഎഫ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എൽഡിഎഫിന്റെ ഘടകകക്ഷിയായ ആർജെഡിയുടെ ജില്ലാ സെക്രട്ടറി അഡ്വ. ഫിറോസ് മാവുങ്കനാണ്. ആർജെഡിക്ക് സീറ്റ് നൽകാതിരുന്നതോടെയാണ് ഫിറോസ് ഇവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സര രംഗത്ത് ഉറച്ച് നിന്നത്. തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റുകൂടിയാണ് ഫിറോസ്.
യു ഡി എഫിലെ കോൺഗ്രസ്സ് സ്ഥാനാർഥിയായി എൻ.ഐ
സമീലാണ് മത്സരിക്കുന്നത്. ഇടത് പക്ഷ മുന്നണിക്കായി സി പി എമ്മിലെ കെ.എസ് ഷെറീഫുമാണ് മത്സരിക്കുന്നത്. ബി ജെ പിയുടെ ശ്രീകുമാറും എസ് ഡി പി ഐയുടെ സ്ഥാനാർത്ഥിയായി കെ.എം. ഹിദായത്തുള്ളയും, പിഡിപിയുടെ സ്ഥാനാർത്ഥിയായി മുഹമ്മദ് റാസിയും ഇവിടെ മത്സര രംഗത്തുണ്ട്. രണ്ടാം വാർഡിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. യു ഡി എഫിലെ മുസ്ലിം ലീഗ് സ്ഥാനാർഥി കെ.കെ സിദ്ധിക്കിന് ശക്തമായ ഭീഷണി ഉയർത്തി കോൺഗ്രസിലെ പ്രാദേശിക നേതാവും ഫാർമേഴ്സ് ബാങ്ക് ഭരണസമിതി അംഗവുമായ കെ.അജിത്ത് മത്സര രംഗത്തുണ്ട്. എൻ എസ് എസ് യൂണിയൻ പഞ്ചായത്ത് കമ്മറ്റി അംഗം കൂടിയാണ് കെ. അജിത്ത്. സി പി എമ്മിലെ അബ്ദുൾ സലിം മാളൂസാണ് ഇവിടെ എൽ ഡി എഫ് സ്ഥാനാർഥി. സി പി എം ഏരിയ കമ്മറ്റി അംഗം കൂടിയായ അബ്ദുൾ സലിം പ്രചരണ രംഗത്ത് ഏറെ മുന്നിലാണ്. ബി.ജെ.പി സ്ഥാനാർഥിയായി രാധാകൃഷണനാണ് മത്സര രംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഏഴാം വാർഡിൽ കോൺഗ്രസിൻ്റെ ജോൺ തറപ്പേലാണ് യു ഡി എഫ് സ്ഥാനാർഥി.സി പി ഐ യുടെ സ്ഥാനാർഥിയായ ജോണി വേമ്പേനിക്ക് ശക്തമായ ഭീഷണി ഉയർത്തി വിമത സ്ഥാനാർഥിയായി മജു ജോസും മത്സര രംഗത്തുണ്ട്. എ ഐ വൈ എഫ് തലയോലപ്പറമ്പ് മുൻ മേഖലാ ഭാരവാഹി കൂടിയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മജു. ജി.എസ് വേണുഗോപാലാണ് ഇവിടെ ബി ജെ പി സ്ഥാനാർഥി. എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് കൂടിയായ വേണുഗോപാൽ ശക്തമായ മത്സരമാണ് നടത്തുന്നത്. ചില വാർഡുകളിൽ മുന്നണി നേതൃത്വം ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്ന് വിമതർ ഇന്നലെ പത്രിക പിൻവലിച്ച് മത്സര രംഗത്ത് നിന്നും പിന്മാറിയിരുന്നു.
Follow us on :
More in Related News
Please select your location.