Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2024 17:06 IST
Share News :
ഹൂസ്റ്റൺ: ഭൂമിയിലേക്കുള്ള മടക്കം 2025 ഫെബ്രുവരിയിലേക്ക് നീട്ടിയതിന് ശേഷം ആദ്യമായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഇന്ന് നാസയുടെ പ്രസ് കോൺഫറൻസിലൂടെ തത്സമയം ലോകത്തോട് സംസാരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇരുന്നുകൊണ്ടാണ് ഇരുവരും ഭൂമിയിലെ ആളുകളുമായി വിശേഷങ്ങൾ പങ്കുവെക്കുക.
എട്ട് ദിവസം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച സുനിത വില്യംസിൻറെയും ബുച്ച് വിൽമോറിൻറെയും മടക്കം സ്റ്റാർലൈനർ പേടകത്തിൻറെ തകരാർ കാരണം എട്ട് മാസത്തിലേക്ക് നീണ്ടതിൻറെ ആശങ്കകളുണ്ട് ലോകത്ത്. 2024 ജൂൺ 6നായിരുന്നു ഇരുവരും ഐഎസ്എസിൽ എത്തിച്ചേർന്നത്. ഇവരെ വഹിച്ചുകൊണ്ടുപോയ സ്റ്റാർലൈനർ പേടത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെ മടക്കം 2025 ഫെബ്രുവരിയിലേക്ക് നാസയ്ക്ക് നീട്ടിവെക്കേണ്ടിവരികയായിരുന്നു.
ബഹിരാകാശ നിലയത്തിലെ ദീർഘമായ താമസം ഇരുവരുടെയും ആരോഗ്യം അപകടത്തിലാക്കുമോ എന്ന ആശങ്കകൾ സജീവമാണ്. ഇതിനിടെയാണ് ഇരു ബഹിരാകാശ യാത്രികരും ഇന്ന് നാസയുടെ പ്രസ് കോൺഫറൻസിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വിവരങ്ങൾ ലോകത്തെ തത്സമയം അറിയിക്കുക.
ഇന്ന് (സെപ്റ്റംബർ 13) ഇന്ത്യൻ സമയം രാത്രി 11.45നാണ് ‘എർത്ത്-ടു-സ്പേസ് കോൾ’ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള ഈ ആശയവിനിമയം പൊതുജനങ്ങൾക്ക് അത്യപൂർവ അനുഭവമാകും സമ്മാനിക്കുക. സുനിതയും ബുച്ചും എന്ത് സംസാരിക്കും എന്ന ആകാംക്ഷയിലാണ് ലോകം. ബഹിരാകാശ നിലയത്തിലെ ദൈന്യംദിന ജീവിതം, ഗവേഷണം, ആരോഗ്യം തുടങ്ങിയവയെ കുറിച്ച് സുനിതയും ബുച്ചും മനസുതുറക്കും എന്നാണ് കരുതപ്പെടുന്നത്.
2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി ബോയിംഗിൻറെ സ്റ്റാർലൈനർ പേടകം കുതിച്ചത്. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിൻറെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്. വിക്ഷേപണ ശേഷം പേടകത്തിൻറെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. സുനിതയുടെയും ബുച്ചിൻറെയും തിരികെയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീളുകയും ഇരുവരുടെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയുമായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.