Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം

11 Nov 2024 09:58 IST

Anvar Kaitharam

Share News :

വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം


പറവൂർ: ആക്രമണകാരികളായ തെരുവുനായ്ക്കളുടെ ഇരയായി ജനങ്ങൾ നട്ടംതിരിയുന്നു. കണ്ടില്ലെന്ന് നടിച്ച് അധികാരികളും. ശനിയാഴ്ച രാത്രി ഒരാൾ കൂടി പത്തോളം വരുന്ന നായ്ക്കൂട്ടത്തിൻ്റെ ആക്രമണത്തിനിരയായി. പാലസ് റോഡ് കൈതവളപ്പിൽ കെ കെ മുരളീധരനെ (60) യാണ് കണ്ണൻകുളങ്ങര ക്ഷേത്രത്തിന് കിഴക്കേ നടയിൽ വച്ച് തെരുവുനായ്ക്കൾ ആക്രമിച്ചത്. ഇരു കൈപ്പത്തികൾക്കും ഗുരുതരമായ പരിക്കേറ്റ മുരളീധരൻ രാത്രി തന്നെ ചികിത്സ തേടി. ബിൽഡിംഗ് കോൺട്രാക്ടറായ മുരളീധരൻ വീട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് റോഡിൽ നായ്ക്കൂട്ടത്തെ കണ്ടത്. സ്കൂട്ടറിൻ്റെ വേഗത കുറച്ചു അടുത്തെത്തിയപ്പോൾ ഒരു നായ കുരച്ചു ദേഹത്തേക്ക് ചാടി. വലതു കൈ കൊണ്ട് തടഞ്ഞപ്പോൾ നായ കൈപ്പത്തിയിൽ കടിച്ചു. ഏറെ നേരെ കൈപ്പത്തിയിൽ നായ പിടി വിടാതെ കടിച്ചു തൂങ്ങി. ഇതേ സമയം ഇടതു വശത്തുകൂടി മറ്റൊരു നായയും കുരച്ചു ദേഹത്തേക്ക് ചാടി. ഇടതു കൈത്തണ്ടയിലും കൈപ്പത്തിയിലുമാണ് കടിയേറ്റത്. ഇതിനിടെ മുരളീധരൻ സ്കൂട്ടറിൽ നിന്ന് മറിഞ്ഞ് വീണു. താഴെ വീണു കിടന്ന മുരളീധരനെ വീണ്ടും നായ്ക്കൾ ആക്രമിക്കാനാെരുങ്ങുമ്പോൾ യാദൃശ്ചികമായെത്തിയ വഴിയാത്രക്കാരാണ് രക്ഷയായത്. വലതു കൈപ്പത്തിയുടെ അകത്തും പുറത്തും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ഞരമ്പിനും ക്ഷതം സംഭവിച്ചു. പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പേവിഷബാധ തടയാനുള്ള കുത്തിവെയ്പ്പ് എടുത്തു. ഈ പ്രദേശത്ത് കൂട്ടമായി തമ്പടിക്കുന്ന നായ്ക്കൾക്ക് ഭക്ഷണവും മറ്റും പതിവായി നൽകുന്നവരെക്കുറിച്ച് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. റോഡരികിൽ ഇവ കൂട്ടമായി കിടക്കുന്നിടത്ത് മാംസാഹാരം പോലും വാഹനത്തിൽ കൊണ്ടുവന്നിടുന്ന പതിവുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇടയ്ക്കിടെ വഴിയാത്രക്കാർ ഇവയുട പരാക്രമത്തിന് ഇരയാകുന്നുമുണ്ട്. തെരുവുനായ്ക്കളെ അമർച്ച ചെയ്യാനായി നഗരസഭ ഒരു നടപടിയും സ്വീകരിക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.

Follow us on :

More in Related News