Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് എസ് എൽ സി ചോദ്യപേപ്പർ ചോർച്ച; ഗൂഢാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി

31 Dec 2024 21:50 IST

Fardis AV

Share News :

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രോസിക്യൂഷനെ വിമർശിച്ച് കോടതി. കേസിൽ ഗൂഢാലോചന കുറ്റം എങ്ങനെ നിലനിൽക്കുമെന്നും ഒരാൾ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്തുമെന്നും കോടതി ചോദിച്ചു.

ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോഴിക്കോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ വിമർശനം. അതേസമയം ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. എം എസ് സൊല്യൂഷൻസിനേക്കാൾ പ്രവചനം നടത്തിയവർ വേറെയുണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

സർക്കാരാണ് ചോദ്യപേപ്പർ സൂക്ഷിക്കേണ്ടത് എന്നിരിക്കെ ഉദ്യോഗസ്ഥരെ ആരും പ്രതി ചേർത്തിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. എം.എസ് സൊല്യൂഷൻസും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതോടെയാണ് എന്തുകൊണ്ട് പിന്നെ ഉദ്യോഗസ്ഥരെ പ്രതിചേർത്തില്ല എന്ന് കോടതി ചോദിച്ചത്. ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു. ഗൂഢാലോചന വകുപ്പ് ചുമത്തിയതിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഷുഹൈബിന്റെ മുൻകൂർ ജാമ്യ അപേക്ഷ ജനുവരി മൂന്നിലേക്ക് മാറ്റി. ഷുഹൈബ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

Follow us on :