Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി പദ്ധതികളിലെ ബാധ്യതകൾ മുൻ സർക്കാരിന്റേത്; പുതിയ സർക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല: സിദ്ദിഖ് ഹസ്സൻ

01 Nov 2026 20:15 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: നോർക കെയർ, നോർക കെയർ പ്ലസ് ഇൻഷുറൻസ് പ്രീമിയം വർധന, പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ പുതിയ സർക്കാരിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്ന് ഒമാനിലെ കോൺഗ്രസ് പ്രവാസി നേതാവ് സിദ്ദിഖ് ഹസ്സൻ. നിലവിലെ പ്രതിസന്ധികൾ വിലയിരുത്തുമ്പോൾ മുൻ സർക്കാരിന്റെ കാലത്തെ നയങ്ങളും സാമ്പത്തിക തീരുമാനങ്ങളും കൂടി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോർക കെയർ ഇൻഷുറൻസ് പ്രീമിയം പുനഃക്രമീകരിക്കേണ്ടിവന്നതിനു പിന്നിൽ ഇൻഷുറൻസ് മേഖലയിലെ ഉയർന്ന ക്ലെയിം അനുപാതവും മുൻപ് ഇൻഷുറൻസ് കമ്പനികളുമായി ഉണ്ടാക്കിയ കരാറുകളിലെ വ്യവസ്ഥകളും കാരണമായിട്ടുണ്ടാകാമെന്ന് സിദ്ദിഖ് ഹസ്സൻ ചൂണ്ടിക്കാട്ടി. പദ്ധതി നിലനിർത്തുന്നതിനൊപ്പം പ്രവാസികൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി ക്ഷേമ പെൻഷൻ കുടിശ്ശികയുടെ കാര്യത്തിലും വിവിധ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും പ്രതിമാസ അംശാദായം അടയ്ക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണവും അംശാദായ വരുമാനവും തമ്മിലുള്ള അന്തരം ക്ഷേമനിധിയുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോയെന്ന് വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇൻഷുറൻസ് പ്രീമിയം വർധനയും പെൻഷൻ കുടിശ്ശികയും സംബന്ധിച്ച ചർച്ചകൾ കേവലം രാഷ്ട്രീയ ആരോപണങ്ങളിൽ ഒതുങ്ങരുത്. പദ്ധതികളുടെ യഥാർഥ സാമ്പത്തിക സ്ഥിതിയും മുൻകാല തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങളും വസ്തുതാപരമായി വിലയിരുത്തണം. വിഷയത്തിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന പ്രവാസി സംഘടനകൾ രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറം വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തണമെന്നും സിദ്ദിഖ് ഹസ്സൻ പറഞ്ഞു.

പ്രവാസി ക്ഷേമ പദ്ധതികളിലെ നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും സാമ്പത്തിക അച്ചടക്കവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പ്രവാസി വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സിദ്ദിഖ് ഹസ്സൻ വ്യക്തമാക്കി.

Follow us on :

More in Related News