Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളം ഒമാൻ ചാപ്റ്ററിന്റെ കേരളപ്പിറവി ആഘോഷം ‘മലയാളസന്ധ്യ’ ശ്രദ്ധേയമായി

02 Nov 2026 21:44 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മലയാളം ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാഘോഷം ‘മലയാളസന്ധ്യ’ എന്ന പേരിൽ സംഘടിപ്പിച്ചു. നടൻ ജയരാജ് വാര്യർ പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃഭാഷയോടുള്ള സ്നേഹവും കേരളത്തിന്റെ സമ്പന്നമായ സാഹിത്യ പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടത് മുതിർന്നവരുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

മലയാള ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും കാലിക പ്രസക്തിയെക്കുറിച്ചും സാമൂഹിക പ്രവർത്തകൻ സി. എം. നജീബ് ആശംസാപ്രസംഗത്തിൽ വിശദീകരിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് ആമുഖപ്രസംഗം നടത്തി. രാജൻ വി. കോക്കൂരി സ്വാഗതവും മനോഹരൻ ചെഗ്ലായി നന്ദിയും പറഞ്ഞു.

ചടങ്ങിൽ മലയാളം ഒമാൻ ചാപ്റ്റർ വർഷംതോറും നൽകിവരുന്ന 2026-ലെ ‘അക്ഷര പ്രതിഭാ പുരസ്കാരം’ ഒമാനിലെ പ്രമുഖ സാഹിത്യകാരൻ കെ. ആർ. പി. വള്ളിക്കുന്നത്തിന് ജയരാജ് വാര്യർ സമ്മാനിച്ചു. അഫ്‌സൽ ബഷീർ രചിച്ച ‘പ്രവാസത്തിലെ കവിതകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.

കലാ-സാഹിത്യ രംഗത്തെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി മേഘന ഹരി, അശോകൻ വള്ളികാവ്, അപർണ മണ്ണൂർ, ചിത്ര ഷൈൻ, മനു സൈമൺ ഫിലിപ്പ് എന്നിവരെ സ്നേഹാദരവ് നൽകി ആദരിച്ചു. ഒമാനിലെ ജീവകാരുണ്യ പ്രവർത്തകൻ ഇബ്രാഹിം ഒറ്റപ്പാലം, സരസ്വതി മനോജ്, ജയശങ്കർ എ. കെ. എന്നിവർക്കും ചടങ്ങിൽ പ്രത്യേക ആദരം നൽകി.

തുടർന്ന് ഓംകാര നൃത്തവിദ്യാലയം അവതരിപ്പിച്ച നൃത്തശിൽപം, ശ്രീഹരി രമേശിന്റെ കവിതാലാപനം, സുഭാഷ് ചന്ദ്രന്റെ നോവലിനെ ആസ്പദമാക്കി രാജൻ വി. കോക്കൂരി അവതരിപ്പിച്ച ഓഡിയോ സ്റ്റോറി എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി.

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കലാപാരമ്പര്യത്തിന്റെയും പ്രാധാന്യം വിളിച്ചോതിയ ‘മലയാളസന്ധ്യ’ കേരളപ്പിറവി ആഘോഷത്തിന് സാംസ്കാരിക നിറവേകി.

Follow us on :

More in Related News