Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗബിന്‍ നികുതി വെട്ടിപ്പ് നടത്തി. വരുമാനം കുറച്ചു കാണിച്ചു; സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്

30 Nov 2024 16:08 IST

Shafeek cn

Share News :

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയതായി സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. താരം വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് പറയുന്നു. സൗബിന്റെ പറവ ഫിലിംസില്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത്, റോഡ് വേ വാഹന വില്‍പന സ്ഥാപനത്തിന്റെ ഉടമ നജത്ത് എന്നിവര്‍ക്ക് നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. മഞ്ഞുമ്മല്‍ ബോയ്സ് മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


നേരത്തെ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നിര്‍മ്മാണ കമ്പനിയില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. പറവ ഫിലിംസിന്റെ ഓഫീസില്‍ രാത്രി വൈകുവോളം നീണ്ട പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് താരം നേരിടുന്ന ആരോപണം.


മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്. സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.  


പറവ ഫിലിംസ് നിര്‍മിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്തിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ ലാഭവിഹിതമോ മുടക്കുമുതലോ നല്‍കാതെ ചതിച്ചെന്നായിരുന്നു ആലപ്പുഴ അരൂര്‍ സ്വദേശിയായ സിറാജ് വലിയവീട്ടിലിന്റെ പരാതി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പോലീസ് റിപ്പോട്ടറിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടല്‍.


അന്വേഷണത്തിന്റെ തുടക്കത്തില്‍, സിറാജ് പരാതിനല്‍കിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകള്‍ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതില്‍നിന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. 7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവര്‍ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാല്‍ 18.65 കോടി മാത്രമായിരുന്നു നിര്‍മാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും നിര്‍മാതാക്കള്‍ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിര്‍മാതാക്കള്‍ പരാതിക്കാരന് പണം തിരികെ നല്‍കിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.


40 % ലാഭവിഹിതമാണ് പരാതിക്കാരന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നല്‍കിയില്ല. ഇക്കാര്യം ബാങ്ക് രേഖകളില്‍നിന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.


Follow us on :

More in Related News