Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2026 18:40 IST
Share News :
മലപ്പുറം : ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ) ഉയർത്തുന്ന ആരോഗ്യഭീഷണികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളം മലപ്പുറവും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആന്റിമൈക്രോബിയൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അങ്ങാടിപ്പുറം മൗലാന അക്കാദമി ഓഫ് ഹെൽത്ത് സയൻസിൽ നടന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറ ഉദ്ഘാടനം നിർവഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകുകയും അവ കൃത്യമായി പാലിക്കുകയും വേണമെന്ന് അവർ പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. വിനോദ് അധ്യക്ഷത വഹിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിൽ പൊതുജനങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പങ്കുണ്ടെന്ന് ഡി.എം.ഒ. പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി. സുകുമാരൻ ദിനാചരണ സന്ദേശം നൽകി.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എം.ജാനിഫ് സ്വാഗതവും ഡോ. വി. ഫിറോസ് ഖാൻ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. വാർഡ് മെമ്പർ യു. രവി, ഡോ. നിമിഷ, റജീന, മൗലാന അക്കാദമി കോർഡിനേറ്റർ ഡോ. പി. പി. നസീഫ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഇൻചാർജ് പി. രാജൻ, ഐ.ഇ.സി. കൺസൾട്ടന്റ് ഇ.ആർ. ദിവ്യ, ശാന്തി ഭൂഷൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനായി ആരോഗ്യവകുപ്പ് കർശന മാർഗ്ഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ എന്നും സ്വയം ചികിത്സ പാടില്ലെന്നും നിർദ്ദേശമുണ്ട്. പനി, ചുമ, ജലദോഷം തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല. ഡോക്ടർ നിർദ്ദേശിച്ച കാലയളവിൽ മരുന്ന് പൂർണ്ണമായും കഴിക്കേണ്ടതും, രോഗലക്ഷണങ്ങൾ കുറയുമ്പോൾ ഇടയ്ക്കുവെച്ച് നിർത്തുന്നത് ഒഴിവാക്കേണ്ടതുമാണ്.
കൂടാതെ, മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ പങ്കുവെക്കാനോ ബാക്കിവരുന്ന മരുന്നുകൾ വീണ്ടും ഉപയോഗിക്കാനോ പാടില്ല. കാലാവധി കഴിഞ്ഞതോ ബാക്കിവന്നതോ ആയ ആന്റിബയോട്ടിക്കുകൾ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയാതെ സമീപത്തെ സർക്കാർ ആശുപത്രികളിലോ ഫാർമസികളിലോ തിരികെ ഏൽപ്പിക്കണം. കോഴി വളർത്തൽ, കന്നുകാലി വളർത്തൽ, മത്സ്യകൃഷി എന്നീ മേഖലകളിൽ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കാവൂ. കൈകൾ സോപ്പുപയോഗിച്ച് കഴുകിയും പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുത്തും അണുബാധകൾ തടയുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും ഉത്തമമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.