Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് നിശബ്ദ പ്രചാരണം; വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക്

12 Nov 2024 09:01 IST

Shafeek cn

Share News :

ഒരുമാസത്തോളം നീണ്ട ഉപതിരഞ്ഞെടുപ്പ് പ്രചാരണനത്തിന്റെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളാണ്. നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് പ്രവര്‍ത്തകര്‍ അവസാന വോട്ടുറപ്പിക്കാന്‍ വീടുകള്‍ കയറിയുള്ള നിശ്ശബ്ദ പ്രചാരണമാണ് നടത്തുക. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികളും. പുതിയ വോട്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ പരിചയപ്പെടുത്താനുള്ള മാതൃക വോട്ടിംഗ് മെഷീനുകളുമായാണ് ബൂത്ത് തലത്തിലുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഇന്ന് നടത്തുക. അതേസമയം പിന്തുണ ഉറപ്പാക്കാനായി പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാര്‍ഥികളുടെ പ്രധാന പരിപാടി.


പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ വിവിധ ഇടങ്ങളില്‍ തുടങ്ങും. ഉച്ചയോടെ വിതരണം പൂര്‍ത്തിയാകും. പ്രചാരണം അവസാനിച്ചപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്. ചെറുതുരുത്തി സ്‌കൂളില്‍ നിന്നാണ് ചേലക്കര മണ്ഡലങ്ങളിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്‌ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകള്‍ മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മറ്റന്നാള്‍ വരെ തുടരും.


ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് നവംബര്‍ 13 ന് വയനാട് ജില്ലയില്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയില്‍ അന്ന് അവധിയായിരിക്കും. എല്ലാ സ്വകാര്യ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് കൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭ, ചേലക്കര, മണ്ഡലങ്ങളില്‍ വോട്ടുള്ളവരും എന്നാല്‍ മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ദിവസം ശമ്പളത്തോടു കൂടിയ അവധിയായിരിക്കും. 


വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളില്‍ നവംബര്‍ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യാന്‍ തൊഴിലുടമ പ്രത്യേക അനുമതി നല്‍കണം. ഐ ടി, പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വല്‍ / ദിവസ വേതന തൊഴിലാളികള്‍ക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ്. ഇതോടൊപ്പം മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലം പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ഈ മണ്ഡലങ്ങളിലും അന്ന് അവധിയായിരിക്കും.


Follow us on :

More in Related News