Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2024 09:25 IST
Share News :
അമൃത്‌സർ: അടിയന്തരാവസ്ഥയെ മുൻനിർത്തി ബിജെപി എംപിയും ഹോളിവുഡ് നടിയുമായ കങ്കണ റണാവത്ത് ഒരുക്കുന്ന സിനിമ ‘എമർജൻസി’ക്കെതിരെ സിഖ് സംഘടനകൾ. സിനിമയിൽ സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് അകാൽ തഖ്ദ്, ശിരോമണി ഗുരുദ്വാര പർഭന്ദക് കമ്മിറ്റി സംഘടനകളാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സിനിമ അടിയന്തരമായി നിരോധിക്കണമെന്നും സിഖ് വിരുദ്ധ സിനിമകൾ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയോട് ഇവർ ആവശ്യപ്പെട്ടു.
സിനിമയുടെ സംവിധാനം, തിരക്കഥ, നിർമാണം തുടങ്ങി പ്രധാനകഥാപാത്രമായ ഇന്ദിരാഗാന്ധിയുടെ വേഷവും ചെയ്തിരിക്കുന്ന കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് എസ്ജിപിസി അധ്യക്ഷൻ ഹർജിന്ദർ സിങ് ധാമി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സിനിമയിൽ സിഖുകാരെ വിഘടനവാദികളായി ചിത്രീകരിക്കുകയാണെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അകാൽ തക്തിന്റെ തലവൻ ഗ്യാനി രഖ്ബിർ സിങ് കൂട്ടിച്ചേർത്തു. 1984ലെ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിന്റെ സമയത്ത് ജീവൻ വെടിയേണ്ടി വന്ന രക്തസാക്ഷികളെ കുറിച്ച് സിഖ് വിരുദ്ധ ആഖ്യാനം സൃഷ്ടിച്ച് സിഖ് വിഭാഗത്തെ അപമാനിക്കുന്ന പ്രവൃത്തിയാണിതെന്നും അദ്ദേഹം പറഞ്ഞു.
1984 ജൂണിലെ സിഖ് വിരുദ്ധ ക്രൂരതയെ ഈ സമൂഹത്തിന് മറക്കാൻ സാധിക്കില്ലെന്ന് രഖ്ബിർ സിങ് പറഞ്ഞു. നേരത്തെ സിഖ് വിരുദ്ധ, പഞ്ചാബ് വിരുദ്ധ പ്രസ്താവനകൾ കാരണം വിവാദത്തിൽപ്പെട്ട കങ്കണ സിഖുകളെ മനപൂർവം സ്വഭാവഹത്യ ചെയ്യുകയാണെന്ന് ധാമിയും കൂട്ടിച്ചേർത്തു. സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ നിരന്തരമായി കങ്കണ പറഞ്ഞിട്ടും അവർക്കെതിരെ നടപടിയെടുക്കാതെ സർക്കാർ അവരെ സംരക്ഷിക്കുകയാണെന്നും ധാമി ആരോപിച്ചു.
അടുത്ത മാസമാണ് എമർജൻസി പുറത്തിറങ്ങുന്നത്. കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്ന സിനിമ പല തവണ മാറ്റിവെക്കുകയായിരുന്നു. ജയപ്രകാശ് നാരായണനായി അനുപം ഖേർ, അടൽ ബിഹാരി വാജ്‌പേയിയായി ശ്രേയസ് തൽപാഡേ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു. മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക് തുടങ്ങിയവരും പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.