Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊച്ചിയില്‍ പറന്നിറങ്ങി സീപ്ലെയിന്‍; ടൂറിസം രംഗത്ത് കേരളത്തിന്റെ പുതിയ ചുവടുവെയ്പ്പ്

11 Nov 2024 11:49 IST

Shafeek cn

Share News :

കേരളത്തിന്റെ ടൂറിസം സ്വപ്നങ്ങള്‍ക്ക് കുതിപ്പേകാന്‍ പോകുന്ന പ്ലെയിനിന്റെ ആദ്യ പറക്കല്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവന്‍കുട്ടി, പി രാജീവ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി കൊച്ചിക്കായലിന് മുകളില്‍ പറന്ന് പരീക്ഷണപ്പറക്കല്‍ നടത്തിയ ശേഷമാണ് വിമാനം ഇടുക്കി മാട്ടുപെട്ടിയിലേക്ക് യാത്ര തിരിച്ചത്.


കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ടിനാണ് സംസ്ഥാന സര്‍ക്കാര്‍ ജലവിമാനം കൊണ്ട് ലക്ഷ്യമിടുന്നത്. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഈ സര്‍വീസ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയില്‍ സീപ്ലെയിന്‍ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയില്‍ നിന്നാണ് സീപ്ലെയ്ന്‍ കേരളത്തിലേക്ക് എത്തിച്ചത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ന്‍ കൊച്ചിയില്‍ എത്തിയിരുന്നു. കൊച്ചി കായലില്‍ പറന്നിറങ്ങിയ വൈമാനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കിയിരുന്നു.

 

ഡി ഹാവ് ലാന്‍ഡ് കാനഡ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്‌നാണിത്. കനേഡിയന്‍ പൗരന്മാരായ ഡാനിയല്‍ മോണ്ട്‌ഗോമെറി, റോഡ്ഗര്‍ ബ്രിന്‍ഡ്ജര്‍ എന്നിവരാണ് വിമാനത്തിന്റെ പൈലറ്റുമാര്‍. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനമാണ് സീപ്ലെയിന്‍. ബോള്‍ഗാട്ടി മറീനയില്‍ നിന്ന് രാവിലെ പത്തരക്ക് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമില്‍ ലാന്റ് ചെയ്തു. മാട്ടുപ്പെട്ടിയില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ സീപ്ലെയ്ന്‍ സ്വീകരിച്ചു. അര മണിക്കൂറിന് ശേഷം തിരിച്ച് പുറപ്പെടുന്ന ജലവിമാനം സിയാലിലെത്തി ഇന്ധനം നിറച്ച് അഗത്തിയിലേക്ക് പോകും. 


പരീക്ഷണപ്പറക്കല്‍ നടക്കുന്നതിനാല്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡി ഹാവ് ലാന്‍ഡ് ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടര്‍ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. മറൈന്‍ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതല്‍ ബോള്‍ഗാട്ടി മേഖല വരെയും വല്ലാര്‍പാടം മുതല്‍ പോര്‍ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം. ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്.


Follow us on :

More in Related News