Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന്; സമർപ്പിക്കപ്പെട്ടിരിക്കുന്നത് 160 സിനിമകൾ

13 Jul 2024 14:27 IST

Shafeek cn

Share News :

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള സ്ക്രീനിംഗ് ഇന്ന് ആരംഭിക്കും. 160 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ദേശീയ ചലച്ചിത്ര പുരസ്‌കാരജേതാവായ ഹിന്ദി സംവിധായകൻ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ.1987ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ്, 1988ൽ സാമൂഹിക പ്രസക്തമായ മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ദേശീയ അവാർഡ്, 1991ൽ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം എന്നീ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.


ദേശീയ, സംസ്ഥാന പുരസ്‌കാരജേതാവായ സംവിധായകൻ പ്രിയനന്ദനൻ, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പൻ എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും.


ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. സുധീർ മിശ്ര, പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർക്കു പുറമെ അന്തിമ വിധിനിർണയ സമിതിയിൽ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ, നടിയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ആൻ അഗസ്റ്റിൻ, സംഗീത സംവിധായകൻ ശ്രീവൽസൻ ജെ. മേനോൻ എന്നിവരും അംഗങ്ങളായിരിക്കും.


ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് പ്രാഥമിക, അന്തിമ വിധിനിർണയ സമിതികളിൽ മെമ്പർ സെക്രട്ടറിയായിരിക്കും.


ചലച്ചിത്രനിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരൻ ആണ് രചനാവിഭാഗം ജൂറി ചെയർപേഴ്‌സൺ. ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവുമായ ഡോ.ജോസ് കെ. മാനുവൽ, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ.കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി.അജോയ് (ജൂറി മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ.

Follow us on :

More in Related News