Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് റിമ കല്ലിങ്കൽ

20 Aug 2024 11:58 IST

Shafeek cn

Share News :

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടിയും ഡബ്ല്യൂസിസി അംഗവുമായ റിമ കല്ലിങ്കൽ. ‘255 പേജുള്ള റിപ്പോർട്ടാണ്. വായിക്കും, പ്രതികരിക്കും. ഹേമ കമ്മീഷൻ റിപ്പോർട്ടിൽ സജസ്റ്റ് ചെയ്യുന്നത് എന്താണെന്ന് ഞങ്ങൾക്ക് നോക്കണം. ഞങ്ങളും വായിച്ചിട്ടില്ല. ഞങ്ങൾക്കും ഇപ്പോഴാണ് കിട്ടുന്നത്. ഞങ്ങളും നാല് കൊല്ലമായി ചോദിക്കുന്നതാണ്. കൃത്യമായി വായിച്ച്, എന്തായാലും ഞങ്ങൾ പ്രതികരിക്കും. റിപ്പോർട്ട് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ, ഒരുപാട് കൊല്ലത്തെ ചോരയും നീരുമാണ്. ലൈഫും കരിയറും കളഞ്ഞിട്ടുള്ള കളിയാണ്. ഒരുപാടൊരുപാട് സന്തോഷമുണ്ട്.’_ റിമ കല്ലിങ്കൽ പറഞ്ഞു.


അതിക്രമിക്കാൻ ശ്രമിച്ചയാളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടി വന്നുവെന്ന് അടക്കമുള്ള ഞെട്ടിക്കുന്ന നിരവധി വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നടിമാരുടെ വിവരങ്ങൾ കേട്ട് തങ്ങൾക്ക് പോലും വിശ്വസിക്കാൻ സാധിച്ചില്ലെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കമ്മീഷൻ അംഗങ്ങൾ പറയുന്നത്. പിന്നീട് ഓരോ മൊഴികളും പരിശോധിച്ചപ്പോൾ മലയാള സിനിമയിൽ ഇത്രത്തോളം മോശം പ്രവണത ഉണ്ടെന്ന് മനസിലായെന്നും റിപ്പോർട്ടിൽ പറയുന്നു.


ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്. കൂടാതെ വിദേശ ഷോകളുടെ പേരിലും നടിമാർക്കെതിരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കിൽ അവർക്ക് കുരുക്കായേക്കും.

Follow us on :

More in Related News