Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണർകാട് പള്ളി വിവാദം: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് യാക്കോബായ സഭ; എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് സ്പീക്കർ

16 Nov 2026 13:49 IST

CN Remya

Share News :

കോട്ടയം: പരിശുദ്ധ പാത്രിയർക്കീസ് ബാവാ മണർകാട് പള്ളിയില്‍ പ്രവേശിച്ചതില്‍ സർക്കാരിനെതിരെ അതൃപ്തി പ്രകടപ്പിച്ച് ഓർത്തഡോക്സ് സഭ. മാധ്യമവിഭാഗം അധ്യക്ഷന്‍ യൂഹാനോൻ മാർ ദിയസ്കോറസ് ആണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മുന്നിൽ അതൃപ്തി തുറന്ന് പറഞ്ഞത്. സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമെന്നും ഓർത്തഡോക്സ് സഭയ്ക്ക് ഉണ്ടായത് വലിയ മുറിവാണെന്നും അദ്ദേഹം പറഞ്ഞു. ആ മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മൂലേടം പള്ളിയിൽ സ്പീക്കർ കൂടി പങ്കെടുത്ത വേദിയിലാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്.

പാത്രിയർക്കീസ് ബാവായുടെ മണർകാട് പള്ളിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ. സർക്കാർ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും യാക്കോബായ സഭ ത്യാഗം ചെയ്യാൻ തയാറാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.

അതേസമയം ഓർത്തഡോക്സ്– യാക്കോബായ സഭാതർക്കത്തിൽ എരിതീയിൽ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നടത്തേണ്ടതില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്നമാണിതെന്നും എല്ലാവരും ആഗ്രഹിക്കുന്നത് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാനാണെന്നും തിരുവഞ്ചൂർ പറഞ്ഞു. സഭാതർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാനില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും സ്പീക്കർ വ്യക്തമാക്കി. ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കം വർഷങ്ങളായി തുടരുന്ന വിഷയമാണ്. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായി മുന്നോട്ടുപോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കം പാത്രിയാർക്കീസ് ബാവയുടെ കോട്ടയം മണർകാട് പള്ളി സന്ദർശനത്തിന് പിന്നാലെ വീണ്ടും രൂക്ഷമായിരിക്കുകയാണ്.

Follow us on :

More in Related News