Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jul 2024 14:00 IST
Share News :
തിരുവനന്തപുരം: റെയിൽവേയുടെ കീഴിൽ വരുന്ന സ്ഥലത്തെ മാലിന്യം അവർ മാറ്റി നൽകിയാൽ മാത്രമേ രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകാനാകൂ എന്ന് മേയർ ആര്യാ രാജേന്ദ്രൻ. അത് അവർ മാറ്റി നൽകുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു. റെയിൽവേയുടെ സ്ഥലമാണ്. ഇപ്പോൾ നിലവിലുള്ള കരാർ പ്രകാരം അത്യാവശ്യം മാലിന്യം നീക്കിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും ഇതേ ആവശ്യമാണ് ഉയർന്നുവന്നത്.
റെയിൽവേ വർഷങ്ങളായി മാലിന്യം മാറ്റാത്തതിനാൽ ഈ ടണലിന്റെ കോൺക്രീറ്റിൽ വരെ മാലിന്യം പറ്റി പിടിച്ചിരിക്കുകയാണ്. അത് വലിയ സോളിഡായി മാറിയിട്ടുണ്ട്. റെയിൽവേ ഇടപെട്ട് കോൺട്രാക്ടർമാരോട് പറഞ്ഞ് മാലിന്യം നീക്കം ചെയ്താൽ മാത്രമേ രക്ഷാപ്രവർത്തനവുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ എന്നും ആര്യ വ്യക്തമാക്കി. വളരെ ദുഷ്‌കരമായ രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നതെന്ന് അഗ്നിരക്ഷാസേനാ മേധാവി കെ. പദ്മകുമാറും പറഞ്ഞു.
രണ്ട് റെയിൽവേ ട്രാക്കുകൾക്കിടയിലുള്ള ഓടകളാണ്. മാലിന്യം ഒഴിവാക്കി മുന്നോട്ട് പോകാനാണ് ശ്രമം. കുറച്ച് സമയം കഴിയുമ്പോൾ വെള്ളം വറ്റിപ്പോവുകയാണ്. ടീമിന് മുന്നോട്ട് പോകാനാകുന്നില്ല. ആകെ ദൂരമായ 150 മീറ്ററിൽ 40 മീറ്ററോളം മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആമയിഴഞ്ചാൻ തോടിന്റെ തമ്പാനൂർ റെയിൽവേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്ച പതിനൊന്നുമണിയോടെ തൊഴിലാളിയായ ജോയ് ഒഴുക്കിൽപ്പെട്ടത്. തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഈ തുരങ്കത്തിന്റെ ഇരുവശത്തുനിന്നു 15 മീറ്റർ ദൂരം വരെ സ്കൂബാ ഡൈവർമാർ ഉള്ളിൽ കടന്നു പരിശോധിച്ചു.
റെയിൽവേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട് ശുചീകരണത്തിനായി റെയിൽവേ, കരാറുകാരെ ഏർപ്പെടുത്തിയിരുന്നു. കരാർ നൽകിയ വ്യക്തിയുടെ ശുചീകരണത്തൊഴിലാളിയായിരുന്നു ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തു. ഒഴുക്ക് കൂടിയപ്പോൾ സൈറ്റ് സൂപ്പർവൈസർ അമരവിള സ്വദേശി കുമാർ, ജോയിയോട് തിരികെ കയറാൻ നിർദേശിച്ചു. ടണലിൽ കല്ലിൽക്കയറി നിൽക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. സൂപ്പർവൈസർ കയറിട്ടു നൽകിയെങ്കിലും രക്ഷപ്പെടാനായില്ല.
Follow us on :
Tags:
More in Related News
Please select your location.