Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2024 16:04 IST
Share News :
കൊച്ചി: നടന്‍ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ് ‘ എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവിന് 17, 83, 641 രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
വീടിന്റെ പണി പൂര്‍ത്തിയായി അധികനാള്‍ കഴിയും മുന്‍പ് തറയോടുകളുടെ നിറം മങ്ങി പൊട്ടിപ്പൊളിയാന്‍ തുടങ്ങുകയും വിടവുകളില്‍ക്കൂടി വെള്ളവും മണ്ണും ഉപരിതലത്തില്‍ പ്രവേശിക്കുവാന്‍ തുടങ്ങുകയും ചെയ്തു. പി കെ ടൈല്‍സ് സെന്റര്‍, കേരള എ ജി എല്‍ വേള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് ടൈല്‍സ് വാങ്ങിയത്. എന്‍ എസ് മാര്‍ബിള്‍ വര്‍ക്‌സിന്റെ ഉടമ പയസിന്റെ നേതൃത്വത്തിലാണ് ടൈല്‍സ് വിരിക്കുന്ന പണികള്‍ നടന്നത്. പലവട്ടം എതിര്‍ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഉല്പന്നം വാങ്ങിയതിന് രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ഉല്പന്നത്തിന്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറന്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നത് അടക്കമുള്ള നിലപാടാണ് എതിര്‍കക്ഷികള്‍ കോടതിയില്‍ സ്വീകരിച്ചത്. ടൈല്‍സ് വിരിച്ചത് തങ്ങളല്ലെന്നും അവര്‍ വാദിച്ചു. എന്നാല്‍ ഇന്‍വോയ്സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോര്‍ട്ടും നല്‍കാതെ ഉപഭോക്താവിനെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്ത എതിര്‍ കക്ഷികളുടെ പ്രവൃത്തി അധാര്‍മ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേര്‍ചിത്രമാണെന്ന് കോടതി വിലയിരുത്തി.
ഉപഭോക്താവിനെ വ്യവഹാരത്തിന് നിര്‍ബ്ബന്ധിതനാക്കിയ എതിര്‍ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് അഭിപ്രായപ്പെട്ടു. കെട്ടുപിണഞ്ഞതും സങ്കീര്‍ണ്ണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാര്‍മ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയില്‍ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. പരാതിക്കാരനുണ്ടായ കഷ്ട നഷ്ടങ്ങള്‍ക്ക് രണ്ടാം എതിര്‍കക്ഷി 16,58,641 രൂപ നല്‍കണം. കൂടാതെ നഷ്ടപരിഹാരമായി എതിര്‍കക്ഷികള്‍ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ടി ജെ ലക്മണ അയ്യര്‍ ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.