Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇളംദേശം എക്‌സൈസ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം.

22 Dec 2024 11:51 IST

ജേർണലിസ്റ്റ്

Share News :



ഇളംദേശം: എള്ളുംപുറം സെറ്റില്‍മെന്റിലെ ആദിവാസി കുടുംബത്തെ നിരന്തരം പീഡിപ്പിക്കുന്നതിനെതിരെ ഇളംദേശം എക്‌സൈസ് ഓഫീസിനു മുന്നില്‍ ജനകീയ പ്രക്ഷോഭ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. 2023 ഒക്ടോബര്‍ 13ന് സിറില്‍ ജോണ്‍സണ്‍ എന്ന ആദിവാസി യുവാവിന് മേല്‍ മൂലമറ്റം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒരു എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഞ്ചാവ്- ഹാഷിഷ് ഓയില്‍ കേസില്‍ പ്രതിയാക്കിയതിനെതിരെ വലിയ പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്ന് ഉന്നതതല പുന:രന്വേഷണം നടന്നുവരികയാണ്. തൊടുപുഴയിലെ അരിപ്ലാവന്‍ ഫൈനാന്‍സിനെതിരെ ബ്ലേഡ് മാഫിയ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സിറില്‍ ജോണ്‍സണ്‍ മുന്‍ നിര പ്രവര്‍ത്തകനായിരുന്നു. ഇതിന്റെ വിരോധം നിമിത്തം ഫൈനാന്‍സ് ഉടമയുടെ സ്വാധീനത്തിനു വഴങ്ങി ഓട്ടോറിക്ഷയില്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവെച്ച് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പുന:രന്വേഷണത്തില്‍ സിറില്‍ കുറ്റക്കാരനാണെന്ന് കണ്ടിട്ടില്ല.

 ഈ സാഹചര്യത്തില്‍ സിറില്‍ ജോണ്‍സന്റെ പിതാവിന്റെ വസ്തുവില്‍ നിന്ന് കഴിഞ്ഞ 12ന് 8 കിലോയോളം കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും നിറച്ച ഗ്യാസ് സിലിണ്ടറും വീപ്പ യും കണ്ടെടുത്ത് ഇടുക്കി എക്‌സൈസ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിഥിന്‍ലാല്‍ ആര്‍.പി യുടെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും പ്രതിചേര്‍ത്തിട്ടില്ല. സിറില്‍ ജോണ്‍സനെയും കുടുംബത്തെയും കള്ള കേസില്‍ കുടുക്കാനുള്ള ബ്ലേഡ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടാണ് ഇതിനുപിന്നിലെന്ന് പ്രക്ഷോഭ സമിതി ആരോപിച്ചു. സിറില്‍ ജോണ്‍സന്റെയും കുടുംബത്തിന്റെയും സുരക്ഷിത ജീവിതം ഉറപ്പുവരുത്തുക, കള്ള കേസുകള്‍ക്ക് ആധാരമായ ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുക, രണ്ടു കേസുകളുടെയും അന്വേഷണം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ഏല്‍പ്പിക്കുക, കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കുക, കുറ്റക്കാരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു എക്‌സൈസ് ഓഫീസിനു മുന്നിലെ പ്രതിഷേധ സമരം. മുന്‍ എം.എല്‍.എ പി.പി സുലൈമാന്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. റ്റി.ജെ പീറ്റര്‍( ഡി.സി.സി ജനറല്‍ സെക്രട്ടറി ), എം.ഐ ശശീന്ദ്രന്‍( ആദിവാസി ക്ഷേമസമിതി ), ബിജോയ് ജോണ്‍( മുട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ),പി.എസ് സതീഷ്(( സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം ), എന്‍.കെ ബിജു ( ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ), ടെസി സതീഷ്( മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ), എന്‍. വിനോദ് കുമാര്‍( എസ്.യു.സി.ഐ- കമ്മ്യൂണിസ്റ്റ് ജില്ലാ സെക്രട്ടറി), ജോസ് ചുവപ്പുങ്കല്‍ ( കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റ്), സന്തോഷ് കുട്ടപ്പന്‍ ( കെ.പി.എം.എസ് ), കെ.എം സാബു ( ജനകീയ പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍) ബേബി വടക്കേക്കര( ജനകീയ പ്രക്ഷോഭ സമിതി വൈസ് ചെയര്‍മാന്‍), തുടങ്ങിയ വിവിധ കക്ഷി നേതാക്കള്‍, ദളിത് സംഘടന നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനകീയ പ്രക്ഷോഭ സമിതി ചെയര്‍മാന്‍ ജെയിംസ് കോലാനി അധ്യക്ഷത വഹിച്ചു. . ഇ എന്‍ ചന്ദ്രബോസ് സ്വാഗതവും വി.ജി ഷാജു നന്ദിയും പറഞ്ഞു. സമരത്തിനു മുന്‍പ് ഇളംദേശം ടൗണില്‍ പ്രകടനവും നടന്നു.

Follow us on :

More in Related News