Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൺപാത്ര നിർമ്മാണ കരകൗശല തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണും: പ്രിയങ്ക ഗാന്ധി എം.പി

29 Jun 2026 11:06 IST

Jithu Vijay

Share News :

നിലമ്പൂർ : പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എം.പി. നിലമ്പൂർ കെ.ടി.ഡി.സി ടാമറിൻഡിൽ ഈ മേഖലയിലെ തൊഴിലാളികളുടെ ഉന്നമനത്തിനായി സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി.


കളിമണ്ണിന്റെ ലഭ്യതക്കുറവ്, ന്യായമായ വില ലഭിക്കാത്ത സാഹചര്യം, യന്ത്രവൽക്കരണത്തിന്റെയും ആധുനിക വിപണന തന്ത്രങ്ങളുടെയും അഭാവം, വർദ്ധിച്ചുവരുന്ന ഗതാഗത ചെലവ് എന്നിവയാണ് മൺപാത്ര നിർമ്മാണ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ.


നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും മൺപാത്ര നിർമ്മാണത്തിന് അനുയോജ്യമായ കളിമണ്ണുണ്ടെങ്കിലും ലൈസൻസുള്ള തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് ലൈസൻസ് ലഭ്യമാക്കാൻ ഐ.ടി.ഡി.പി.യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി മുൻകൈയെടുക്കും.

സ്വകാര്യ ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിൽ നിന്നുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കും.


തിരിച്ചറിയൽ കാർഡുകൾ: ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ തൊഴിലാളികൾക്കും അടിയന്തരമായി ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ (ID Cards) നൽകും.


ഹെറിറ്റേജ് വില്ലേജ്: മൺപാത്ര നിർമ്മാണ മേഖലയെ കേന്ദ്രീകരിച്ച് ഒരു ഹെറിറ്റേജ് വില്ലേജ് സ്ഥാപിക്കുന്നതിന്റ സാധ്യതകൾ പരിശോധിക്കും.


തുടർനടപടികൾ: പാത്രനിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, പ്രശ്നങ്ങൾക്ക് അന്തിമ പരിഹാരം കാണാൻ വീണ്ടും യോഗം ചേരും.


യോഗത്തിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, എ.ഡി.എം പി.ഒ. സാദിഖ്, അസിസ്റ്റന്റ് കളക്ടർ ഇന്ദു സാക്ഷി, ആർക്കിടെക്റ്റ് ആഷ്മിത ജെറോ എം, സാമൂഹ്യ ശാസ്ത്രജ്ഞ ഡോ. രജനി എ, ഡിസൈനർ ശിവദാസൻ കെ.കെ, കമ്മ്യൂണിറ്റി ലീഡർ ഗോപാലൻ എം എന്നിവരും വിവിധ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow us on :

More in Related News