Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മാർപ്പാപ്പ നൽകിയത് വലിയ സമ്മാനം'; മോൺ. കൂവക്കാട്‌ കർദിനാൾ പദവിയിലേക്ക്

08 Oct 2024 23:02 IST

CN Remya

Share News :

കോട്ടയം: ഇന്ത്യയ്ക്ക് ആകെ അഭിമാനമായി കോട്ടയം ചങ്ങനാശേരിക്കാരൻ കര്‍ദിനാള്‍ പദവിയിലേക്ക്‌. സിറോ മലബാര്‍ സഭാംഗവും കോട്ടയം ചങ്ങനാശേരി അതിരൂപതയില്‍നിന്നുള്ള മോണ്‍സിഞ്ഞോറുമായ ജോര്‍ജ്‌ ജേക്കബ്‌ കൂവക്കാടാണ് കര്‍ദിനാള്‍ പദവിയിലേക്ക്‌ എത്തുന്നത്. അദ്ദേഹം ഉള്‍പ്പെടെ 20 പുതിയ കര്‍ദിനാള്‍മാരെ മാര്‍പാപ്പ പ്രഖ്യാപിച്ചു. ചങ്ങനാശേരി അതിരൂപതയുടെ അഭിമാനം വാനോളമുയർത്തിയാണ് മാമ്മൂട്‌ സ്വദേശി മോൺസിഞ്ഞോർ ജോർജ്‌ ജേക്കബ്‌ കൂവക്കാട്‌ കർദിനാൾ ആകുന്നത്. മാർപാപ്പയെ തെരഞ്ഞെടുക്കുന്നവരിൽ ഒരാളായി മോൺ. കൂവക്കാട്‌ നിയുക്തനായതിൽ മറ്റൊരു അപൂർവതയുമുണ്ട്‌. ഇന്ത്യയിൽനിന്ന്‌ ഇതുവരെ കർദിനാളായവരിൽ ബിഷപ്പാകാതെ ആ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളാണ്‌ ജോർജ്‌ ജേക്കബ്‌. നിലവിൽ ഇന്ത്യയിൽനിന്നുള്ള കർദിനാൾമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമ്പത്തൊന്നുകാരനായ മോൺ. കൂവക്കാടാണ്‌. 

ഡിസംബർ എട്ടിന്‌ കർദിനാൾ സ്ഥാനാരോഹണച്ചടങ്ങിനു മുമ്പ്‌ മോൺ. കൂവക്കാടിന്‌ മെത്രാൻപട്ടം നൽകും. 

വത്തിക്കാന്‍ പൊതുകാര്യങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗത്തിലാണ്‌ നിയമനം.

ചങ്ങനാശേരി മാമ്മൂട്‌ ലൂര്‍ദ്‌മാതാ പള്ളി ഇടവകാംഗമാണ്‌ മോണ്‍. ജോര്‍ജ്‌ ജേക്കബ്‌ കൂവക്കാട്‌. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. 2020 മുതല്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ രാജ്യാന്തര യാത്രകള്‍ സംഘടിപ്പിക്കുന്നതിന്റെ ചുമതല അദ്ദേഹത്തിനാണ്‌. മാര്‍പാപ്പയുടെ യാത്രകളില്‍ ഉള്‍പ്പെടെ അനുഗമിക്കുന്ന ഔദ്യോഗിക സംഘത്തില്‍ അംഗമാണ്‌.

പൊന്തിഫിക്കല്‍ സഭാ അക്കാദമിയില്‍ രൂപീകരണം പൂര്‍ത്തിയാക്കിയ ശേഷം 2006 ല്‍ കൂവക്കാട്‌ വത്തിക്കാന്‍ ഡിപ്ലോമാറ്റിക്‌ സര്‍വീസില്‍ ചേര്‍ന്നു. അള്‍ജീരിയ, ദക്ഷിണ കൊറിയ, ഇറാന്‍, കോസ്‌റ്റാറിക്ക, വെനിസേ്വല എന്നിവിടങ്ങളില്‍ അപ്പസേ്‌താലിക സന്ന്യാസിമഠങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. നിലവില്‍, മാര്‍പാപ്പയുടെ യാത്രകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന വത്തിക്കാന്‍ സെക്രട്ടേറിയറ്റ്‌ ഓഫ്‌ സ്‌റ്റേറ്റ്‌ ഉദ്യോഗസ്‌ഥനാണ്‌ അദ്ദേഹം.

1973 ഓഗസ്റ്റ്‌ 11ന്‌ ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട്‌ ലൂര്‍ദ്‌മാതാ ഇടവകയില്‍പ്പെട്ട കൂവക്കാട്ട്‌ ജേക്കബ്‌ വര്‍ഗീസ്‌- ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് മോണ്‍. ജോര്‍ജ്‌ ജേക്കബ്‌ കൂവക്കാട്‌ ജനിച്ചത്‌. 2004 ജൂലൈ 24ന്‌ പുരോഹിതനായി. പിന്നീട്‌ പ്രശസ്‌തമായ പൊന്തിഫിക്കല്‍ സഭാ അക്കാദമിയില്‍ നയതന്ത്ര സേവനത്തിനായി പരിശീലനം നേടി. 2006ല്‍ അള്‍ജീരിയയിലെ അപ്പസേ്‌താലിക സന്യാസിമഠത്തില്‍ അദ്ദേഹം തന്റെ നയതന്ത്ര ജീവിതം ആരംഭിച്ചു.

കേരളത്തിൽനിന്ന് ഒരേസമയം മൂന്നു കർദിനാൾമാർ ഉണ്ടാകുന്നതും സിറോ മലബാർ സഭയിൽനിന്ന്‌ ഒരേസമയം രണ്ടു കർദിനാൾമാർ ഉണ്ടാകുന്നതും ആദ്യം. മോൺ. കൂവക്കാടിനെക്കൂടാതെ മാർ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാബാവാ (സിറോ മലങ്കര സഭ), മാർ ജോർജ്‌ ആലഞ്ചേരി എന്നിവരാണ്‌ മറ്റു രണ്ടുപേർ. ഇവിടെനിന്ന്‌ ഇതുവരെ മോൺ. കൂവക്കാട്‌ ഉൾപ്പെടെ ആറുപേർ കർദിനാൾ സ്ഥാനത്തെത്തിയിട്ടുണ്ട്‌. ചങ്ങനാശേരി അതിരൂപതയിൽനിന്ന്‌ മുമ്പ്‌ ഈ സ്ഥാനത്തെത്തിയ മാർ ആന്റണി പടിയറ, മാർ ജോർജ്‌ ആലഞ്ചേരി എന്നിവർ ബിഷപ്പുമാരായിരുന്നു. ആദ്യ കർദിനാൾ മാർ ജോസഫ്‌ പാറേക്കാട്ടിൽ, മൂന്നാമത്തെ കർദിനാൾ മാർ വർക്കി വിതയത്തിൽ എന്നിവരും സിറോ മലബാർ സഭാംഗങ്ങളായിരുന്നു.

Follow us on :

More in Related News