Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 18:35 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ കുട്ടികളുടെ സുരക്ഷിത യാത്ര സംവിധാനത്തിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം തിരുത്തി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പുതിയ സർക്കുലർ പുറത്തിറക്കി. രക്ഷിതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനും, ചർച്ചകൾക്കും ഒടുവിലാണ് മുൻ നിലപാട് തിരുത്തി സ്കൂൾ അധികൃതർ പുതിയ അറിയിപ്പ് പുറത്തിറക്കിയത്.
പുതിയ സർക്കുലർ പ്രകാരം സ്കൂളിന്റെ ഔദ്യോഗിക അംഗീകാരമുള്ള ട്രാൻസ്പോർട്ടർമാരുടെ ലിസ്റ്റ് സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി പുറത്തിറക്കി. കുട്ടികളുടെ യാത്രയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സ്കൂൾ മാനേജ്‌മന്റ് പ്രതിജ്ഞാബന്ധമായിരിക്കുമെന്ന് പുതിയ അറിയിപ്പിൽ പറയുന്നു. യാത്ര സംവിധാനം ഫലപ്രദമായി മുൻപോട്ടു കൊണ്ടുപോകുന്നതിനായി രക്ഷിതാക്കളെ ഉൾപ്പെടുത്തി ഒരു ടാസ്ക് ഫോഴ്സിന് രൂപം നൽകുമെന്നും പുതിയ അറിയിപ്പിൽ വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി 2017 മുതലാണ് സ്കൂൾ മോണിറ്റേർഡ് സേഫ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിൽ വിദ്യാർത്ഥികൾക്കായി സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള യാത്ര സംവിധാന പദ്ധതി പ്രാബല്യത്തിൽ വരുന്നത്.
സ്‌കൂൾ ബസുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഒമാനിൽ സംഭവിച്ച ദാരുണമായ ചില സംഭവങ്ങളെത്തുടർന്നാണ് നിരവധി ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം ഈ സംവിധാനം നടപ്പിലാക്കിത്തുടങ്ങിയത്. 2017 ൽ ഡയറക്ടർ ബോർഡ് ചെയർമാനായിരുന്ന വിൽസൺ ജോർജിൻറെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു നയരേഖയ്ക്കു തന്നെ രുപം കൊടുത്തിരുന്നു. ഇത്തരം ശ്രമങ്ങളുടെ ഫലമായി ട്രാൻസ്‌പോർട്ടേഷൻ സംവിധാനത്തിലെ പരാധീനതകൾ പരമാവധി പരിഹരിക്കുന്നതിനും സാധിച്ചിരുന്നു. ഈ സംവിധാനമാണ് പൊടുന്നനെ നിർത്തലാക്കുന്നതായി സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി ഈ മാസം ആദ്യം സർക്കുലർ പുറത്തിറക്കിയത്. വിദ്യാർത്ഥികളുടെ സേഫ് ട്രാൻസ്‌പോർട്ടേഷൻ സംവിധാനത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് അധികബാധ്യതായെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്
പുതിയ തീരുമാനത്തിനെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിക്ക് പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും എച്ച് സ്സ് സി മേധാവിയുമായ നിധീഷ് കുമാർ രക്ഷിതാക്കളുടെ ആവശ്യത്തെ ശക്തമായി പിന്തുണക്കുകയും, യാത്ര സംവിധാനം തിരികെ കൊണ്ടുവരുന്നതിനുള്ള നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായാണ് പഴയ നിലപാടിൽ നിന്നും സ്കൂൾ മാനേജ്‌മന്റ് പിൻവാങ്ങുകയും, വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ച് സ്കൂൾ യാത്ര സംവിധാനം തിരികെ കൊണ്ടുവരാൻ തീരുമാനം എടുക്കുകയും ചെയ്തത്.
രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ച് പുതിയ തീരുമാനം കൈക്കൊണ്ട സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കും, വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാറിനും നന്ദി അറിയിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഇന്ത്യൻ സ്കൂളിൽ ഈ അധ്യയന വർഷം മുതൽ ഫീസ് വർധിപ്പിക്കാൻ എടുത്ത തീരുമാനവും, വേണ്ടത്ര ചർച്ചകൾ കൂടാതെ വേനൽ അവധി വെട്ടിക്കുറച്ച തീരുമാനവും പുനപരിശോധിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ തുടർന്നും ശക്തമായി ഇടപെടുമെന്ന് രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ ദിനേശ് ബാബു, കെ വി വിജയൻ, സുഗതൻ, ബിനു കേശവൻ, റിയാസ്, സുബിൻ, ജാൻസ്, സുരേഷ്, അഭിലാഷ് എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.