Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് പതിന്നാലുകാരന്‍

06 Jul 2024 11:09 IST

Shafeek cn

Share News :

സംസ്ഥാനത്ത് ഭീതിപടര്‍ത്തി അമീബിക് മസ്തിഷ്‌കജ്വരം. കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുകൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ട് 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 


അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും കണ്ണൂര്‍ തോട്ടട സ്വദേശിയായ പതിമൂന്നു വയസുകാരിയും അടുത്തിടെ മരിച്ചിരുന്നു. രണ്ടു മാസത്തിനിടെയാണ് ഈ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 


ജൂണ്‍ അവസാനമാണ് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരി ദക്ഷിണ രോഗംബാധിച്ച് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു മരണം. തലവേദനയും ഛര്‍ദിയും ബാധിച്ചാണ് ദക്ഷിണയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയസമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ആരോഗ്യ വകുപ്പ് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിക്കുന്നത്.

 

അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗംചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിങ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രതപാലിക്കണം. സ്വിമ്മിങ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.


Follow us on :

Tags:

More in Related News