Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണസമ്മാനമായി ഭൂഗർഭപാതയും നീണ്ടൂർ കുറുപ്പന്തറ റോഡും

12 Sep 2024 17:30 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി : മെഡിക്കൽ കോളജിനു മുമ്പിൽ ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് നിർമിക്കുന്ന ഭൂഗർഭ പാതയുടെ നിർമാണം പൂർത്തിയായതായും ഈ മാസം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 129.80 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. പ്രവൃത്തിയുടെ പരിപാലന കാലാവധി അഞ്ചു വർഷമാണ്.

18 മീറ്റർ നീളത്തിലും അഞ്ചു മീറ്റർ വീതിയിലും 3.5 മീറ്റർ ഉയരത്തിലുമാണ് നിർമാണം. ആർപ്പൂക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്നവർക്ക് തിരക്കേറിയ റോഡ് കുറുകെ കടക്കാതെ ഭൂഗർഭ പാതയിയിലൂടെ മെഡിക്കൽ കോളജിലേക്ക് എത്താം.

നീണ്ടൂർ-കുറുപ്പുന്തറ റോഡിന്റെ നീണ്ടൂർ പ്ലാസാ ജങ്ഷനിൽ നിന്ന് ആരംഭിച്ച് കുറുപ്പുന്തറ വരെയുള്ള പ്രധാന റോഡിന്റെ 4.5 കിലോമീറ്റർ ഭാഗത്തെ നിർമാണം പൂർത്തീകരിച്ചു. 700 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഡി.ബി.എം. ആൻഡ് ബിസി നിലവാരത്തിലാണ് ടാറിങ് പൂർത്തീകരിച്ചത്. താഴ്ന്നു കിടന്നതും വെള്ളക്കെട്ട് മൂലം പൂർണമായി തകർന്നു കിടന്നതുമായ ആറു സ്ഥലങ്ങളിൽ റോഡ് ഉയർത്തിയതിനു ശേഷമാണ് ടാറിങ് നടത്തിയിട്ടുള്ളത്. മാഞ്ഞൂർ പാടശേഖരം വരുന്ന ഭാഗത്ത് 170 മീറ്റർ നീളത്തിൽ റോഡിന്റെ ഇരുവശവും സംരക്ഷണഭിത്തി നിർമിച്ച് രണ്ടു മീറ്റർ റോഡ് ഉയർത്തിയാണ് ടാറിങ് നടത്തിയത്. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കാൻ പൈപ്പ് കൾവർട്ട് സ്ഥാപിച്ചിട്ടുണ്ട്. ദിശാ-സുരക്ഷാ സൂചകങ്ങളടക്കം സ്ഥാപിച്ച് റോഡ് സുരക്ഷാ പ്രവർത്തികളും പൂർത്തീകരിച്ചു.

പട്ടിത്താനം-മണർകാട് ബൈപാസിൽ 

ഓടയും നടപ്പാതയും 

പട്ടിത്താനം മണർകാട് ബൈപാസിൽ പട്ടിത്താനം മുതൽ പാറകണ്ടം വരെയും പാറകണ്ടം മുതൽ പൂവത്തുംമൂട് വരെയും ഏറ്റുമാനൂർ-പൂഞ്ഞാർ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെയും നടപ്പാതയും അരികു ചാലും നിർമിക്കാനുള്ള പ്രവർത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 550 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായിരുന്നു. 420 ലക്ഷം രൂപയുടെ ഭാഗിക സാങ്കേതികാനുമതി ലഭ്യമാക്കി നിർമാണം പുരോഗമിക്കുകയാണ്. 99.84 ലക്ഷം രൂപ ചെലവിൽ 12 സോളാർ ബ്ലിങ്കറുകളും പട്ടിത്താനം മുതൽ പാറകണ്ടം വരെ റോഡിനു ഇരുവശവും 100 സോളാർ ലൈറ്റുകളും സ്ഥാപിച്ചു.

ഏറ്റുമാനൂർ സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ മണ്ണുപരിശോധന പൂർത്തീകരിച്ച് റിപ്പോർട്ട് ലഭ്യമായതായി മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ആർ.ഐ.ക്യൂ.സി.എൽ. മുഖേനയാണ് മണ്ണു പരിശോധന നടന്നത്. ഒന്നാംഘട്ട നിർമാണത്തിനായി 15 കോടി രൂപലാണ് അനുവദിച്ചത്. ഏറ്റുമാനൂർ വില്ലേജിലെ 70 സെന്റ് റവന്യൂ പുറമ്പോക്ക് ഭൂമിയിലാണ് സിവിൽ സ്റ്റേഷൻ നിർമിക്കുന്നത്. അഞ്ചു നിലകളിലായി 41010.5 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ 15 സർക്കാർ ഓഫീസുകളാണ് സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കെട്ടിട രൂപകൽപനയ്ക്ക് (സ്ട്രക്ച്ചറൽ ഡിസൈൻ) അംഗീകാരം ലഭിച്ചാലുടൻ ടെണ്ടർ നടപടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ഡയറി എക്‌സ്റ്റൻഷൻ, പൊതുമരാമത്ത് കെട്ടിടം എ.ഇ., ഭക്ഷ്യസുരക്ഷ ഓഫീസ്, എ.പി.പി., ഐ.സി.ഡി.എസ്., കൃഷി എ.ഡി., പൊതുമരാമത്ത് നിരത്ത് വിഭാഗം എ.ഇ., കൃഷി ഭവൻ, മോട്ടോർ വാഹന വകുപ്പ്, ആർ.ടി.ഒ., ഡെപ്യൂട്ടി ലേബർ കമ്മീഷണർ, അസിസ്റ്റന്റ് ലേബർ ഓഫീസർ, ജി.എസ്.ടി. വകുപ്പുകളുടെ ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുക.

Follow us on :

More in Related News