Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

11 May 2024 18:06 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി :കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഈ വർഷം നിരവധി സ്ത്രീകളുടെ മാല പിടിച്ചു പറിച്ച കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ എസ് പി ഡോ. അരവിന്ദ് സുകുമാർ ഐ പി എസിന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് ആണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്.

കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസ് എന്ന റിയാസി(35)നെയാണ് കൊട്ടപ്പുറത്ത് വെച്ച് പിടികൂടുന്നത്.

കഴിഞ്ഞ മാസം 9ന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ വെച്ച് മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണി എന്ന സ്ത്രീയുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. മുക്കം, അരീക്കോട്, കോഴിക്കോട്, കുന്ദമംഗലം തുടങ്ങി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നാൽപതോളം സി സി ടി വി ക്യാമറകൾ പരിശോധിച്ച പോലീസിന് ആദ്യഘട്ടത്തിൽ പ്രതിയെ കുറിച്ചോ വാഹനത്തെക്കുറിച്ചോ സൂചനകളന്നും കിട്ടിയിരുന്നില്ല.സമാന രീതിയിൽ മാർച്ച്‌ 28-നു നടന്നു പോകുകയായിരുന്ന രാമനാട്ടുകര മാലീരി വീട്ടിൽ രാധാമണിയുടെ ഒന്നര പവൻ മാല തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ വെച്ചും 30 ന് വാഴക്കാട് പരപ്പത്ത് വെച്ച് കോലോത്തും കടവ് പുല്ലഞ്ചേരി വീട്ടിൽ ശോഭനയുടെ സ്വർണ്ണ മാലയും പിടിച്ചുപറിച്ചതായി മനസ്സിലാക്കിയ പോലീസ് സംഘം അന്വേഷണം മലപ്പുറം ജില്ലയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു .

എല്ലാ കവർച്ചകളിലും നീല നിറത്തിലുള്ള ജൂപിറ്റർ സ്കൂട്ടർ ആണ് പ്രതി ഉപയോഗിച്ചിരുന്നത്.

പിന്നീട് ഏപ്രിൽ 18-ന് തേഞ്ഞിപ്പലം കൊളക്കാട്ടു ചാലിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭവ്യ എന്ന സ്ത്രീയുടെ നാലര പവൻ സ്വർണ്ണമാലയും, 23-ന്

വാഴയൂർ സ്വദേശി ജിബി ബൽരാജിന്റെ മാലയുടെ ലോക്കറ്റും, 24-ന്

കോഴിക്കോട് മലാപ്പറമ്പ് ബൈപാസിൽ വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രജിഷ ബബിരാജിന്റെ

അഞ്ചു പവന്റെ മാലയും പിടിച്ചു പറിച്ചിരുന്നു.

സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ അരികുചേർന്ന് തന്റെ സ്കൂട്ടർ നിർത്തി പിന്നിൽ നിന്നുമാണ് പ്രതി മാല പൊട്ടിച്ചിരുന്നത്. പ്രതിയുടെ നാടായ കൊട്ടപ്പുറത്തു നിന്നും KL-10-BH-5359 നമ്പർ സ്കൂട്ടറിൽ പുറപ്പെട്ട്,ആളൊഴിഞ്ഞ റോഡുകളിലൂടെ സഞ്ചരിച്ച് അവസരം കിട്ടുമ്പോൾ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി.

മോഷ്ടിച്ച സ്വർണ്ണം പല ജ്വല്ലറികളിലായി വില്പന നടത്തിയതായും വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഇയാൾ തനിക്കുണ്ടായിരുന്ന കടങ്ങൾ വീട്ടിയതായും പോലീസിനോട് പറഞ്ഞു.

പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി വിനോദിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഇൻസ്‌പെക്ടർ എ.അനിൽ കുമാർ, സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ മാരായ രാജീവ്‌ബാബു ,പി.ബിജു., സീനിയർ സി.പി.ഒ.മാരായ

ജയരാജൻ എൻ.എം., ജിനീഷ് പി.പി., വിനോദ് വി കെ, ബിജീഷ് ടി.പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow us on :

More in Related News