Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്തവും കുടചക്രവും..ഭരണഘടനയ്ക്ക് മുകളിലല്ല ഒരു സജി ചെറിയാനും; പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

21 Nov 2024 11:37 IST

Shafeek cn

Share News :

മല്ലപ്പളളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദവും ഹൈക്കോടതി തള്ളി.


അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മജിസ്‌ട്രേറ്റ് തീരുമാനമെടുത്തത് സാക്ഷിമൊഴികള്‍ പരിഗണിക്കാതെയെന്ന വാദത്തില്‍ ദൃശ്യങ്ങളിലൂടെ സജി ചെറിയാന്റെ പ്രസ്താവന വ്യക്തമാണെന്ന് ഹൈക്കോടതി പറഞ്ഞു.


ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നു പറഞ്ഞായിരുന്നു മന്ത്രി സജി ചെറിയാന്‍ 2022 ല്‍ വിവാദ പ്രസംഗം നടത്തിയത്.ഭരണഘടനയെ അവഹേളിച്ചു കൊണ്ട് അന്ന് മന്ത്രി നടത്തിയ പ്രസംഗത്തില്‍ സജി ചെറിയാനെ അനുകൂലിച്ചായിരുന്നു പോലീസിന്റെ റഫര്‍ റിപ്പോര്‍ട്ട്. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണം. പ്രസംഗം കേട്ടവരുടെ മനസില്‍ ഭരണഘടനക്കെതിരെ അവമതിപ്പ് ഉണ്ടാക്കിയോ എന്നും അറിയേണ്ടതാണ്. അന്വേഷണം കാല താമസം ഇല്ലാതെ തീര്‍പ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.


ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. സാക്ഷികളായ മാധ്യമ പ്രവര്‍ത്തകരുടെ മൊഴി എടുക്കാത്തതും തെറ്റാണ്. അന്വേഷണം ധൃതി പിടിച്ചാണ് പൂര്‍ത്തീകരിച്ചതെന്നും കോടതി പറഞ്ഞു.



Follow us on :

More in Related News