Fri May 2, 2025 7:14 AM 1ST

Location  

Sign In

‘ഒരു തുള്ളി വെള്ളം തരില്ല’: സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ പിന്നോട്ടില്ലെന്ന് ഇന്ത്യ

25 Apr 2025 20:48 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പ്രഖ്യാപിച്ച സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ നിന്നും പിന്നോട്ടില്ലെന്ന് ഇന്ത്യ. കരാർ മരവിപ്പിക്കൽ കർശനമായി നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


അമിത് ഷായുടെ വസതിയില്‍ ചേർന്ന യോഗത്തില്‍ ജലവിഭവ മന്ത്രി സി.ആർ. പാട്ടീല്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എന്നിവരാണ് പങ്കെടുത്തത്.

സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ തുടർ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗം ചർച്ച ചെയ്തത്. പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് തടയാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗത്തില്‍ തീരുമാനിച്ചു. കരാർ മരവിപ്പിക്കുന്നത് മധ്യസ്ഥത വഹിച്ച ലോക ബാങ്കിനെ അറിയിക്കും. കരാറില്‍ പരാമർശിക്കുന്ന നദികളിലെ അണക്കെട്ടുകളിലെ ശേഷി ഉയർത്താനും യോഗത്തില്‍ തീരുമാനമായി.

കരാർ മരവിപ്പിക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം തന്നെ ഇന്ത്യ ഔദ്യോഗികമായി പാകിസ്താനെ അറിയിച്ചിരുന്നു.


പാക്കിസ്ഥാന് വെള്ളം നൽകാതിരിക്കാൻ ഉള്ള നടപടിക്രമങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ദീർഘകാല അടിസ്ഥാനത്തിൽ മൂന്ന് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്നും എന്ന് ജലശക്തി മന്ത്രി അറിയിച്ചിട്ടുണ്ട്.


അതേസമയം പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങുകയാണ് രാജ്യം. സംസ്ഥാനങ്ങളിലെ പാക്കിസ്ഥാന്‍ പൗരന്മാരെ ഉടന്‍ നാടുകടത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാമുഖ്യമന്ത്രിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ 111 പാക്കിസ്ഥാന്‍ പൗരന്മാരോട് ഞായറാഴ്ച നാടുവിടണമെന്ന് പൂനെ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. നാട് കടത്തല്‍ വേഗത്തിലാക്കാനുള്ള ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.

Follow us on :

More in Related News