Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 09:09 IST
Share News :
കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കും പിന്നാലെ എഎംഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കൂട്ടമായി രാജിവെച്ചതില്‍ ഭിന്നത. രാജിവെച്ചിട്ടില്ലെന്ന വാദവും വിയോജിപ്പോടു കൂടിയാണ് രാജിവെച്ചതെന്നും താരങ്ങള്‍ വ്യക്തമാക്കി. കൂട്ടരാജിയെന്ന തീരുമാനം ഏകകണ്ഠമായിട്ടല്ല എടുത്തതെന്ന് നടി സരയു പ്രതികരിച്ചു. സരയുവിനെ കൂടാതെ വിനു മോഹന്‍, ടൊവിനോ, അനന്യ, ജഗദീഷ് എന്നിവര്‍ക്കും കൂട്ടരാജിയില്‍ വിയോജിപ്പ് ഉണ്ട്.
'ഐകകണ്ഠേനയാണ് രാജിയെന്ന് പറയാന്‍ കഴിയില്ല. ഞാന്‍ ഇതുവരെ രാജിസമര്‍പ്പിച്ചിട്ടില്ല. രാജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തില്‍ നിലപാട് വ്യക്തമാക്കിയത്. ഭൂരിപക്ഷ തീരുമാനത്തിലാണ് കൂട്ടരാജി. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. പ്രസിഡന്റ് അടക്കമുള്ളവരുടെ തീരുമാനത്തില്‍ വിയോജിപ്പ് ഉണ്ട്', എന്നാണ് സരയു പ്രതികരിച്ചത്. താന്‍ ഇപ്പോഴും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. കമ്മിറ്റി തിരക്കുപിടിച്ച് പിരിച്ചുവിടേണ്ടിയിരുന്നില്ലെന്നും സരയു പറഞ്ഞു. ആരോപണ വിധേയര്‍ വ്യക്തിപരമായി രാജിവെച്ച് ഒഴിയുകയെന്നതാണ് ശരിയെന്നും ധാര്‍മിതക മുന്‍നിര്‍ത്തിയാണ് രാജിവെച്ചതെന്നും നടി അനന്യയും പ്രതികരിച്ചു. വ്യക്തിപരമായി രാജിയോട് താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും അനന്യ വ്യക്തമാക്കി.
'സിനിമയുടെ ഉള്ളില്‍ ഇത്തരം പ്രവണതകള്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ രൂക്ഷമായി അനുഭവിച്ചിട്ടില്ല. എന്നാല്‍ സിനിമകളുടെ കാര്യത്തില്‍ അടക്കം വേര്‍തിരിവ് അനുഭവപ്പെട്ടിട്ടുണ്ട്. 2007 മുതലാണ് നായികയായി എത്തുന്നത്. വളരെയധികം സങ്കടമുണ്ട് റിപ്പോര്‍ട്ട് വായിച്ചപ്പോള്‍. തങ്ങള്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ തീവ്രതയില്‍ ചിലര്‍ നടന്നുപോയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ മനസ്സിലായി. അസോസിയേഷന്റെ ഭാരവാഹിയായിരിക്കുമ്പോള്‍ വ്യക്തിപരമായി സംസാരിക്കുന്നതില്‍ പരിമിധിയുണ്ട്. എഎംഎംഎ നിലനില്‍പ്പിന് വേണ്ടി പ്രവര്‍ത്തിക്കും', എന്നാണ് അനന്യ പ്രതികരിച്ചത്.
സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി കഴിഞ്ഞ ദിവസം പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ രാജിവെച്ചത്. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചിരുന്നു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിന് ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ച് ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.