Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തേക്കടിയില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെളിച്ചമില്ല

28 Dec 2024 19:35 IST

ജേർണലിസ്റ്റ്

Share News :



കുമളി: തേക്കടി ആനവച്ചാലിലെ വനം വകുപ്പിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെളിച്ചമില്ലാത്തതിനെ തുടര്‍ന്ന് ഇരുട്ടില്‍ തപ്പി സഞ്ചാരികള്‍. പുലര്‍ച്ചെ എത്തുന്ന സഞ്ചാരികളാണ് വെളിച്ചമില്ലാതെ ഇരുട്ടില്‍ വലയുന്നത്.  ക്രിസ്തുമസും, പുതുവര്‍ഷവുമായി ബന്ധപെട്ട് തേക്കടിയില്‍ സഞ്ചാരികളുടെ വലിയ തിരക്കാണുള്ളത്. ബോട്ട് സവാരിക്ക് ടിക്കറ്റ് തരപ്പെടുത്താനായി വനം വകുപ്പിന്റെ ബസില്‍ ലാന്‍ഡിങ്ങിലേക്ക് പോകുവാനാണ് പുലര്‍ച്ചെ സഞ്ചാരികള്‍ എത്തുന്നത്. തേക്കടി എന്നത് ലോക ടുറിസം ഭൂപടത്തിലുണ്ടെങ്കിലും ഇവിടുത്തെ പാര്‍ക്കിങ്് ഗ്രൗണ്ടിന്റെ സ്ഥിതി വളരെ ശോചനീയമാണ്. ഓരോ സീസണിലും ലക്ഷകണക്കിനു രൂപയുടെ വരുമാനമാണ് സഞ്ചാരികളില്‍ നിന്നും വനം വകുപ്പിന് ലഭിക്കുന്നത്. ഇതിന്റെ ഒരംശം പോലും ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുന്നില്ലായെന്നാണ് വസ്തുത. ടൂറിസം ഫണ്ട് ഉപയോഗിച്ച് പത്ത് കോടിയില്‍ പരം രൂപാ ചിലവഴിച്ചാണ് അഞ്ചു വര്‍ഷം മുമ്പ് പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മിച്ചത്. നല്ല രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും കുടിവെള്ളം, ശൗചാലയം, വെളിച്ചം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ല.

തെരുനായ്കളും, കന്നുകാലികളും തമ്പടിക്കുന്നത് പാര്‍ക്കിങ് ഗ്രൗണ്ടിലാണ്. ടിക്കറ്റ് കൗണ്ടറിനുള്ളില്‍ മാത്രമാണ് വൈദ്യുതി വെളിച്ചമുള്ളത്. വിവിധ ഭാഷക്കാരായ ആയിരകണക്ക് സഞ്ചാരികളും, നൂറു കണക്കിന് വാഹനങ്ങളുമാണ് അനുദിനം പാര്‍ക്കിങ് ഗ്രൗണ്ടിലെത്തുന്നത്. പുലര്‍ച്ചെ അഞ്ച് മുതല്‍ ഗ്രൗണ്ടിലേക്ക് വാഹനങ്ങളും സഞ്ചാരികളും എത്തി തുടങ്ങും. ടിക്കറ്റ് കൗണ്ടറിനു മുന്നിലുള്ള ഗേറ്റും, പാര്‍ക്കിങ് ഗ്രൗണ്ടിലേക്കുള്ള പ്രധാന ഗേറ്റും പുലര്‍ച്ചെ 5.30 ന് തുറക്കുന്നതോടെ എന്‍ട്രന്‍സ് ടിക്കറ്റ് എടുക്കാനുള്ള പരക്കം പാച്ചിലാണ്. വെളിച്ചമില്ലാത്തതിനാല്‍ കന്നുകാലികളുടെ ചാണകത്തില്‍ ചവുട്ടി സഞ്ചാരികള്‍ തെന്നിവീഴുന്നതും പരുക്കേല്‍ക്കുന്നതും നിത്യ സംഭവമാണ്. ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ ക്യു നില്‍ക്കാനുള്ള  പരക്കം പാച്ചിലിനിടെ ഇരുട്ടില്‍ കാലിടറി വീണുള്ള അപകടങ്ങളും പതിവാണ്. ചെറുതും വലുതുമായ  അഞ്ഞുറിലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ട് ഗ്രൗണ്ടിന്.

വെളളം, വെളിച്ചം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി സജ്ജമാക്കണമെന്ന ആവശ്യമാണ് സഞ്ചാരികളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. 

തുടക്കത്തില്‍  സോളാര്‍ ലൈറ്റ്കള്‍ സ്ഥാപിച്ചിരുന്നത് ഇപ്പോഴില്ല. ബാറ്ററി സിസ്റ്റം തകരാറിലായതാണ് സോളാര്‍ പ്രവര്‍ത്തന രഹിതമാകാന്‍ കാരണമായത്. ഗ്രൗണ്ടില്‍ വെട്ടവും വെളിച്ചവുമില്ലാത്തത് സാമുഹ്യ വിരുദ്ധര്‍ക്കും അഴിഞ്ഞാടന്‍ അവസരമാകുന്നു. സഞ്ചാരികളുമായി ഗവിയിലേക്കും, തേക്കടി ബോട്ട് ലാന്‍ഡിങിലേക്കുമുള്ള പത്തോളം ബസുകള്‍ പുറപ്പെടുന്നത് ആന വച്ചാലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നുമാണ്. ഈ ബസുകളില്‍ നിന്നുള്ള മിന്നാമിനുങ്ങ് വെളിച്ചവും  സഞ്ചാരികളുടെ മൊബൈല്‍ വെളിച്ചവുമാണ് പുലര്‍ച്ചെ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തുന്ന സഞ്ചാരികള്‍ക്കാശ്വാസമായുള്ളത്. ഗ്രൗണ്ടിലെ പ്രധാന ഗേറ്റിനു മുന്നില്‍ ടിക്കറ്റ് കൗണ്ടര്‍ ബോര്‍ഡില്ല. പകരം എന്‍ട്രന്‍സ്  ബോര്‍ഡ് മാത്രമാണുള്ളത്. എന്‍ട്രന്‍സ് ബോര്‍ഡ് പടിഞ്ഞാറു ഭാഗത്തേക്ക് തിരിച്ച് വെച്ചിരിക്കുന്നതും സഞ്ചാരികളില്‍ ആശയ കുഴപ്പം സൃഷ്ടിക്കുന്നു.


Follow us on :

More in Related News