Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിപയില്‍ ആശ്വാസം: ഏഴു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് - മന്ത്രി വീണാ ജോർജ്

21 Jul 2024 20:34 IST

Jithu Vijay

Share News :


മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ഞായർ) പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. 


നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. 


സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകളാണ് ആദ്യം പരിശോധിക്കുക. സമ്പര്‍ക്ക പട്ടികയില്‍ നിന്നും ആരും വിട്ടുപോയിട്ടില്ലെന്ന കാര്യം വീണ്ടും പരിശോധിച്ച് ഉറപ്പാക്കും. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെടേണ്ട ആരെയും വിട്ടു പോയിട്ടില്ല എന്നുറപ്പാക്കുന്നതിനായി കുട്ടി ചികിത്സയിലിരുന്ന ആശുപത്രികളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്.

 

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.  പാണ്ടിക്കാട് ഗ്രാമപഞ്ചായത്തില്‍ 307 വീടുകളില്‍ ഇന്നലെ (ജൂലൈ 21) ഉച്ചയ്ക്ക് ശേഷം സര്‍വ്വേ നടത്തിയതില്‍ 18 പനിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആനക്കയത്ത് 310 വീടുകളില്‍ സര്‍വ്വേ യില്‍ 10 പനിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവരാരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല. സ്രവ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് നാളെ (ജൂലൈ 22) എത്തും. 


നാളെ (ജൂലൈ 22) നടക്കാനിരിക്കുന്ന പ്ലസ്‍ വണ്‍ അലോട്ട്മെന്റ് നിപ പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടേ നടത്താവൂ എന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലായി മൂന്നു ഹയര്‍സെക്കൻഡറി സ്കൂളുകളാണുള്ളത്. കൃത്യമായ സാമൂഹ്യ അകലം പാലിച്ചും സാനിറ്റൈസര്‍, എന്‍ 95 മാസ്ക് എന്നിവ ധരിച്ചു കൊണ്ടുമാണ് കുട്ടികളും രക്ഷിതാക്കളും അലോട്ട്മെന്റിന് എത്തേണ്ടത്. ആള്‍ക്കൂട്ടം ഉണ്ടാവാത്ത രൂപത്തില്‍ അലോട്ട്മെന്റ് ക്രമീകരിക്കാന്‍‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ആരെങ്കിലും അലോട്ട്മെന്റിന് ഹാജരാവുന്നെങ്കില്‍ അക്കാര്യം അവരുടെ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിക്കണം. ഇവര്‍ പൊതുവാഹനങ്ങൾ ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ എത്തേണ്ടത്. അവരുടെ അലോട്ട്മെൻ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി വിടണമെന്നും മന്ത്രി നിർദ്ദേശിച്ചു.


 ജില്ലയില്‍ എല്ലായിടത്തും പ്ലസ് വണ്‍ അലോട്ട്മെന്റുകള്‍ സാമൂഹ്യ അകലം പാലിച്ചും മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചുമുള്ള നിപ പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ നടത്താവൂ.

Follow us on :

More in Related News