Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 14:44 IST
Share News :
മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 കാരന്‍ മരിച്ചു. അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന കുട്ടിക്ക് ഇന്ന് (ഞായര്‍) രാവിലെ 10.50 ഓടെ ഹൃദയസ്തംഭനം ഉണ്ടാകുകയും 11.30 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജാര്‍ജ് അറിയിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളെജിലേക്ക് എത്തിച്ച കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി മന്ത്രി പറഞ്ഞു. ഇന്ന് ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിച്ച മോണോക്ലോണല്‍ ആന്റിബോഡി കുട്ടിക്ക് നല്‍കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രാവിലെ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ ചെയ്തിരുന്നു.
സമ്പര്‍ക്ക പട്ടികയില്‍ 246 പേര്‍
ജില്ലയില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം 246 ആയതായും ഇവരില്‍ 63 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട, മൂന്ന് പേര്‍ ഉള്‍പ്പെടെ നാല് പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എന്‍.ഐ.വി) നിന്നുള്ള മൊബൈല്‍ പരിശോധനാ ലാബ് ഇന്ന് ജില്ലയിലെത്തും. കോഴിക്കോട് മെഡിക്കല്‍ കോളെജിലും തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ പരിശോധനയ്ക്ക് സംവിധാനമുണ്ടെങ്കിലും സ്ഥിരീകരണത്തിന് എന്‍.ഐ.വിയുടെ പരിശോധന ആവശ്യമാണ്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള എല്ലാവരുടെയും സാമ്പികളും പരിശോധിക്കും. ആദ്യഘട്ടത്തില്‍ ലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളാണ് എടുക്കുക.
പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങും
നിപ സ്ഥിരീകരിച്ച പഞ്ചായത്തിനു സമീപമുള്ള വണ്ടൂര്‍, നിലമ്പൂര്‍, കരുവാരക്കുണ്ട് എന്നിവിടങ്ങളില്‍ പ്രത്യേക പനി ക്ലിനിക്കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി അറിയിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളില്‍ വീടുവീടാന്തരം കയറി സര്‍വ്വെ നടത്തും. പാണ്ടിക്കാട് 16,711 വീടുകളും ആനക്കയത്ത് 16,248 വീടുകളുമാണ് ഉള്ളത്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വലണ്ടിയര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് സര്‍വെ നടത്തുക. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നിരവധി കോളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ള ഒരാളും വിട്ടുപോകാതിരിക്കാനായി മരണപ്പെട്ട കുട്ടി ആദ്യം ചികിത്സ തേടിയിരുന്ന പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗങ്ങള്‍ ചേര്‍ന്നു
ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി രണ്ടാമത്തെ ദിവസമായ ഇന്ന് (ഞായര്‍) രാവിലെ 9 മണിക്ക് തന്നെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അവലോകനം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ. റീന ഉള്‍പ്പെടെ ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥര്‍, ടാസ്‌ക് ഫോഴ്‌സ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, റവന്യൂ- ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് വൈകീട്ട് 5 ന് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വീണ്ടും യോഗം ചേരും.
നിപ സ്ഥിരീകരിച്ച പാണ്ടിക്കാടിന് ചുറ്റുമുള്ള തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ ഓണ്‍ലൈന്‍ യോഗവും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകളില്‍ ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പാണ്ടിക്കാട്, ആനക്കയം, പോരൂര്‍, കീഴാറ്റൂര്‍, തുവ്വൂര്‍ ഗ്രാമപഞ്ചായത്തുകള്‍, മഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകള്‍ എന്നിവിടങ്ങളിലെ അധ്യക്ഷരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ന് ഉച്ചയ്ക്കു ശേഷം ജില്ലയിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെയും ഐ.എം.എ പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.