Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിഹാറിൽ കുതിച്ച് എൻഡിഎ, തളർന്ന് മഹാസഖ്യം

14 Nov 2025 11:37 IST

NewsDelivery

Share News :

പട്ന: ബിഹാറിൽ എൻഡിഎ സഖ്യം സർക്കാർ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ. എൻഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞു. ഇത്തവണ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിതീഷ് കുമാർ, ചിരാഗ് പാസ്വാൻ, ജിതൻ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെ പി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയവരെല്ലാം എൻഡിഎയുടെ വിജയത്തിനായി അങ്ങേയറ്റം പരിശ്രമിച്ചിട്ടുണ്ടെന്നും ദിലീപ് ജയ്‌സ്വാൾ കൂട്ടിച്ചേർത്തു. അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിയത് മുതൽ തന്നെ എൻഡിഎ കുതിപ്പ് ആരംഭിച്ചിരുന്നു. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോർഡ് പോളിം​ഗാണ് ഇത്തവണ നടന്നത്. ഭൂരിഭാ​ഗം എക്സിറ്റ് പോൾ ഫലങ്ങളും നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിച്ചിരുന്നു. ഭരണകക്ഷിയായ എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളും ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളുമാണ് പൊതുവേ പ്രവചിച്ചിരുന്നത്. എൻ‌ഡി‌എ 122 എന്ന കേവല ഭൂരിപക്ഷവും മറികടന്ന് കുതിക്കുകയാണെന്നാണ് നിലവിലെ ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. മറുഭാഗത്ത്, 100 സീറ്റുകൾ പോലും തികയ്ക്കാനാകാതെ മഹാസഖ്യം കിതക്കുകയാണ്.

നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് ബിഹാർ മന്ത്രി അശോക് ചൗധരി പറഞ്ഞു. നിതീഷ് കുമാറിനെ മാറ്റിനിർത്തിയവർക്ക് ഇപ്പോൾ നിതീഷ് കുമാർ എന്താണെന്ന് മനസ്സിലായി എന്നായിരുന്നു അശോക് ചൗധരിയുടെ പ്രതികരണം. ബിഹാറിൽ വിജയാഘോഷത്തിനുള്ള വൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി ക്യാംപ്. ബിജെപി ദേശീയ ആസ്ഥാനത്തും വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. പതിവുപോലെ കൗണ്ടിംഗ് ഡേ സ്പെഷൽ പൂരിയും ജിലേബിയും തയ്യാറായി കഴിഞ്ഞെന്നാണ് റിപ്പോർട്ട്.

Follow us on :

More in Related News