Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലവിരിച്ച് ലഹരി മാഫിയ; പരിശോധന കര്‍ശനമെങ്കിലും ലഹരി വില്‍പ്പന സജീവം

20 Oct 2024 12:04 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: എക്സൈസും പോലീസും ഡാന്‍സാഫ് ടീമും ഉള്‍പ്പെടെ ലഹരി സംഘങ്ങളെ കുടുക്കാന്‍പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും കഞ്ചാവും എം.ഡി.എം.എയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയ്ക്ക് കുറവില്ല. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പിടി മുറുക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലഹരി മാഫിയ സംഘങ്ങള്‍ ലഹരി വസ്തുക്കളുടെ വിപണനവും കടത്തലും തകൃതിയായി നടത്തി വരുന്നുണ്ട്. ദിനംപ്രതി കഞ്ചാവ്, ലഹരി കേസുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കാള്‍ പതിന്‍മടങ്ങായാണ് കഞ്ചാവും എം.ഡി.എം.എയും ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ വില്‍പ്പന വീണ്ടും സജീവമാകുന്നത്. അതിര്‍ത്തി കടന്ന് വ്യാപകമായി കഞ്ചാവ് എത്തുന്നതായാണ് വിവരം. ഹാഷിഷ്, എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് പോലുള്ള മാരകമായ സിന്തറ്റിക് ലഹരി വസ്തുക്കളും ജില്ലയിലെത്തുന്നുണ്ട്.

 

ഒന്നര മാസത്തിനിടെ നടത്തിയത് 1166 പരിശോധന


കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ 15 വരെ 139 അബ്കാരി കേസുകളും 90 എന്‍.ഡി.പി.എസ് കേസുകളുമാണ് എക്സൈസ് പിടി കൂടിയത്. അബ്കാരി കേസില്‍ 132 പേരെ അറസ്റ്റ് ചെയ്തു. ചാരായം-227 ലിറ്റര്‍, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം 492 ലിറ്റര്‍, കോട-2080 ലിറ്റര്‍, കള്ള്-227 ലിറ്റര്‍ എന്നിവ പിടിച്ചെടുത്തു. ആറ് വാഹനങ്ങളും 13440 രൂപയും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് -10.23 കിലോ, കഞ്ചാവ് ചെടി -രണ്ട് എണ്ണം, ബ്രൗണ്‍ഷുഗര്‍-0.01 ഗ്രാം, ചരസ് -0.095 ഗ്രാം, എം.ഡി.എം.എ -0.945 ഗ്രാം, മെത്താഫിറ്റാമിന്‍-0.4 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്ക്. ഒരു വാഹനവും 8700 രൂപയും പിടി കൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 462 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പിഴയിനത്തില്‍ 92201 രൂപ ഈടാക്കി. ഒന്നര മാസത്തിനിടയില്‍ 1166 പരിശോധനകളാണ് എക്സൈസ് ജില്ലയില്‍ നടത്തിയത്. 17310 വാഹനങ്ങളും പരിശോധിച്ചു. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് 60 സംയുക്ത പരിശോധനയും നടത്തി. 


വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ


ലഹരി വസ്തുക്കള്‍ക്ക് പുറമെ പണം, മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍ എന്നിവ നല്‍കി പ്രലോഭിപ്പിച്ചാണ് വിദ്യാര്‍ഥികളെ ലഹരി മാഫിയ വലയില്‍ വീഴ്ത്തുന്നത്. ഇവരെ ലഹരി വസ്തുക്കളുടെ കാരിയര്‍മാരായും ഉപയോഗിക്കുന്നുണ്ട്. പിന്നീട് എത്ര ശ്രമിച്ചാലും ഇതില്‍ നിന്ന് രക്ഷപെടാന്‍ കഴിയാതെ പെട്ട് പോകുന്ന വിദ്യാര്‍ഥികള്‍ തൊടുപുഴ നഗരത്തിലും സമീപ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുണ്ടെന്ന് വിവിധ പി.ടി.എ അധികൃതര്‍ പറയുന്നു. വിദ്യാഭ്യാസത്തിനായി മറ്റ് ജില്ലകളില്‍ നിന്നെത്തി സ്വകാര്യ ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും വാടക വീടുകളിലും കഴിയുന്ന വിദ്യാര്‍ഥികളാണ് കൂടുതലായി ഇത്തരത്തിലുള്ളവരുടെ ആകര്‍ഷണ വലയത്തില്‍ വീഴുന്നത്. അവധി ലഭിച്ചാലും വീടുകളില്‍ പോകാതെ ഹോസ്റ്റലുകളിലും ഹോംസ്റ്റേകളിലും കഴിയുന്ന വിദ്യാര്‍ഥികള്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുന്നത് പതിവു കാഴ്ചയാണ്. പല വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ക്കും ഇത്തരം വിവരങ്ങള്‍ അറിയാമെങ്കിലും അവര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. അവധി ദിവസങ്ങളില്‍ വീടുകളില്‍ പോകാതെ ഹോസ്റ്റലുകളില്‍ തങ്ങുന്ന വിദ്യാര്‍ഥികളുടെ താമസ സ്ഥലത്തേക്ക് മറ്റുള്ളവര്‍ എത്തുന്നതായും പറയുന്നു.


വിനോദ സഞ്ചാര കേന്ദ്രങ്ങളിലും


ജില്ലയിലെ പല ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും ലഹരി ഇടപാടുകള്‍ നടക്കുന്നതായി പറയപ്പെടുന്നുണ്ട്. യുവതി യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളിലെ ലഹരി സംഘങ്ങളുടെ ഇരകള്‍. മുട്ടത്തിനു സമീപത്തുള്ള വെള്ളചാട്ടത്തിന്റെ സമീപ പ്രദേശങ്ങള്‍ ലഹരി മാഫിയ സംഘത്തിന്റെ വലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ഇവിടെയെത്തി മദ്യപിച്ച് ബഹളം വച്ചു. ചോദ്യം ചെയ്ത നാട്ടുകാരെ ആക്രമിക്കാനും ഇവര്‍ ശ്രമിച്ചു.

 തൊടുപുഴ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഒളമറ്റം, ഉറവപ്പാറ ഭാഗത്ത് നടത്തിയ സ്ട്രൈക്കിംഗ് ഫോഴ്സ് റെയ്ഡില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയിരുന്നു. ഇടവെട്ടി, നടയം ഭാഗത്ത് നടത്തിയ പരിശോധനയില്‍ 3.600 കിലോ കഞ്ചാവും പിടികൂടിയതും അടുത്ത നാളിലാണ്.


Follow us on :

More in Related News