Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2024 10:10 IST
Share News :
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന് മുന്‍കൂര്‍ ജാമ്യത്തില്‍ അന്വേഷണ സംഘത്തിന് കടിഞ്ഞാണിട്ട് സര്‍ക്കാര്‍. മുന്‍കൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടല്‍.
ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുന്‍കൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്റെ അസാധാരണ ഇടപെടലുണ്ടായത്. മുകേഷിന്റെ കേസില്‍ അപ്പീല്‍ നല്‍കണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലപാട്. മുകേഷിന്റെ കാര്യത്താല്‍ അപ്പീല്‍ അനുമതി ഇല്ലെങ്കില്‍ ഇടവേള ബാബുവിന്റെ മുന്‍കൂര്‍ ജാമ്യത്തിലും അപ്പീല്‍ നല്‍കില്ല. മുന്‍കൂര്‍ ജാമ്യത്തില്‍ അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ മുകേഷിന് സംരക്ഷണം ഒരുക്കുകയാണെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്.
സര്‍ക്കാര്‍ അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ് ഐ ടി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ് ഐ ടി. ഇത് ചൂണ്ടികാട്ടി അപ്പീല്‍ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്.
നടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ മുകേഷിനും, നടന്‍ ഇടവേള ബാബുവിനും സെപ്റ്റംബര്‍ അഞ്ചിനാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എറണാകുളം സെഷന്‍സ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. കേരളം വിടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് മുകേഷിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സത്യം തെളിയിക്കാനുള്ള യാത്രയില്‍ ആദ്യപടി കടന്നെന്നാണ് മുകേഷിന്റെ അഭിഭാഷകന്‍ പ്രതികരിച്ചത്. ബലാത്സംഗം ചെയ്‌തെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതി കെട്ടുകഥയെന്നായിരുന്നു മുകേഷിന്റെ വാദം.
15 വര്‍ഷങ്ങള്‍ക്കുശേഷം പരാതിയുമായി വന്നതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും തന്നോട് പണം ആവശ്യപ്പെട്ടിരുന്നു എന്നും ബ്ലാക്ക് മെയില്‍ ശ്രമം നടത്തിയെന്നും മുകേഷ് പറഞ്ഞിരുന്നു. താര സംഘടനയായ അമ്മയില്‍ അംഗത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പെച്ചെന്നാണ് ഇടവേള ബാബുവിനെതിരായ കേസ്. അതേസമയം ബലാത്സംഗ കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. അന്നേ ദിവസം മറുപടി നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
Follow us on :
Tags:
Please select your location.