Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് മോഹൻലാലിൻ്റെ കൈത്താങ്ങ് ; മൂന്ന് കോടി രൂപ നൽകുമെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ

03 Aug 2024 13:24 IST

Shafeek cn

Share News :

വയനാട്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്ന് മോഹൻലാൽ. ആദ്യഘട്ടത്തിലായിട്ടാണ് ഈ തുക നൽകുന്നത്. അതേസമയം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചത്. വളരെ സങ്കടകരമായ കാര്യമാണ് ഉണ്ടായത്. വയനാടെത്തി കണ്ടാൽ മാത്രമാണ് ദുരന്തത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാനാകുക. നിമിഷനേരം കൊണ്ട് ഉറ്റവരെയും ഉടയവരെയും വീടും നഷ്ടമായി, നമ്മൾ എല്ലാവരും ചേർന്ന് അവരെ സഹായിക്കുന്നത് വലിയ കാര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.


അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഇപ്പോൾ മൂന്ന് കോടി രൂപ നൽകാനാണ് തീരുമാനം. തുടർന്ന് സ്ഥിതിഗതികൾ പരിശോധിച്ച ശേഷം വീണ്ടും പണത്തിൻ്റെ ആവശ്യമുണ്ടെങ്കിൽ വിശ്വശാന്തി ഫൗണ്ടേഷൻ പണം നൽകും. മൂന്ന് കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തികളാണ് ഇപ്പോൾ അനൗൺസ് ചെയ്യുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി.

അതേസമയം ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ്, ഫയർ ഫോഴ്സ്, എൻഡിആർഎഫ്, പോലീസ്, ഹോസ്പിറ്റൽ, ഡോക്ടേഴ്സ്, സന്നദ്ധ സംഘടനകൾ, പ്രദേശവാസികളായ സാധാരണക്കാർ എന്നിവരെല്ലാം രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമാകുന്നു. നമ്മൾ എല്ലാവരും ചേർന്ന് ഈ നല്ല പ്രവർത്തനത്തിൻ്റെ ഭാഗമാകണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രമം നടത്തണം. രക്ഷാപ്രവർത്തനത്തിന് വേഗം നൽകിക്കൊണ്ട് ബെയ്‌ലി ബ്രിഡ്ജ് വേഗത്തിൽ നിർമിക്കാനായി. അത്പോലെ ഒരുപാട് ആളുകളെ ഇനിയും കണ്ടേത്തേണ്ടതുണ്ടെന്നും മോഹൻലാൽ പറഞ്ഞു.


ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണ് വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദുരന്തമുണ്ടായ പ്രദേശവുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കാണാതായവരെ കണ്ടെത്താൻ സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സഹായിക്കുക എന്നുപറയുന്നത് വലിയ കാര്യമാണ്. പ്രദേശത്ത് നിറയെ ചെളി നിറഞ്ഞ അവസ്ഥയാണ്. അവിടെ ആളുകൾ ഉണ്ടോ എന്ന് അറിയില്ല. ദൗത്യത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുകയാണെന്ന് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെ മോഹൻലാൽ കൂട്ടിച്ചേർത്തു.


എന്നാൽ നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാനാകില്ല, മുന്നോട്ടുള്ള ജീവിതം എങ്ങനെ മെച്ചപ്പെടുത്താൻ സഹായിക്കും എന്നാണ് ആലോചിക്കേണ്ടത്. മനുഷ്യസ്നേഹികളായ ഒരുപാട് ആളുകൾ വിശ്വശാന്തി ഫൗണ്ടേഷനിലേക്ക് പണം നൽകാൻ തയാറായിട്ടുണ്ടെന്ന് വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടറും, നടനും സംവിധായകനുമായ മേജർ രവി പറഞ്ഞു. മുണ്ടക്കൈയിൽ തകർന്ന എൽപി സ്കൂൾ വിശ്വശാന്തി ഫൗണ്ടേഷൻ നിർമിച്ച് നൽകുമെന്നും മേജർ രവി വ്യക്തമാക്കി.

Follow us on :

More in Related News