Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2024 19:19 IST
Share News :
മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന അദാലത്തില്‍ നിന്ന് മടങ്ങുമ്പോള്‍ പൊന്മള പഞ്ചായത്തിലെ മേച്ചേരി പുഷ്പലതക്ക് ആശ്വാസം. തന്റെ കൊച്ചുമകന്‍ അഞ്ചു വയസ്സുകാരനായ യശ്വിന് ഭിന്നശേഷി അലവന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം തുക അനുവദിക്കാനാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇതോടൊപ്പം വീട്ടില്‍ എയര്‍കണ്ടീഷന്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കാത്ത വിഷയം ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുമെന്നും മന്ത്രി ഉറപ്പുനല്‍കി.
സ്‌കൂളിലോ ഡേ കെയര്‍ സെന്ററിലോ പോകാനാവാത്ത മാനസിക വെല്ലുവിളികള്‍/സെറിബ്രല്‍ പാള്‍സി/ഓട്ടിസം ബാധിതരായ കുട്ടികള്‍ക്ക് പ്രതിമാസ ബത്ത നല്‍കാനുള്ള പദ്ധതിവെക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സബ്‌സിഡി മാര്‍ഗ്ഗരേഖ 115/2022 നിര്‍ദേശിക്കുന്നുണ്ട്. ഇത് അനുസരിച്ച് ഇത്തരം കുട്ടികള്‍ക്കുള്ള പ്രതിമാസ ബത്തയായ 1000 രൂപ യശ്വിന് അനുവദിക്കാന്‍ അടുത്ത റിവിഷനില്‍ പദ്ധതി വെച്ച് നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലവില്‍ പഞ്ചായത്തിന് പദ്ധതിയുണ്ടെങ്കില്‍ അപേക്ഷ സ്വീകരിച്ച് ഗുണഭോക്താവായി ഉള്‍പ്പെടുത്താനും മന്ത്രി നിര്‍ദേശിച്ചു.
90 ശതമാനം അംഗവൈകല്യമുള്ള 6 വയസ്സുള്ള കുട്ടിയുടെ ചികിത്സാ ആവശ്യത്തിനാണ് എ സി ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉറപ്പാക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്. അതേസമയം എ സി ഉള്‍പ്പെടെ ഭൗതികമായ മെച്ചപ്പെട്ട സാഹചര്യമുള്ള കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ല. ഈ പശ്ചാത്തലത്തില്‍ പ്രത്യേക കേസായി പരിഗണിച്ച് പെന്‍ഷന്‍ അനുവദിക്കുന്ന കാര്യത്തില്‍ ശ്രമം നടത്തുമെന്നും മന്ത്രി അറിയിച്ചു.
യശ്വിന്‍ അമ്മയുടെയും മുത്തശ്ശിയുടെയും സഹായത്തോടെയാണ് എല്ലാ കാര്യവും ചെയ്യുന്നത്. കുടുംബശ്രീ ജനകീയ ഹോട്ടലില്‍ ജോലി ചെയ്താണ് ഇവര്‍ ജീവിതമാര്‍ഗം കണ്ടെത്തുന്നത്. ഈ കടുത്ത ജീവിത സാഹചര്യത്തിലും യശ്വിന്റെ ആരോഗ്യം പരിരക്ഷിക്കാനാണ് വീട്ടില്‍ എയര്‍ കണ്ടീഷന്‍ വെച്ചത്. പ്രതിമാസം 5000 മുതല്‍ 6000 രൂപ വരെ മരുന്നിനായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു. മന്ത്രി ശ്രദ്ധാപൂര്‍വ്വം ഇവരുടെ പരാതി പരിഗണിക്കുകയും ഭിന്നശേഷി അലവന്‍സ് അനുവദിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. നിറകണ്ണുകളോടെയാണ് പുഷ്പലത മന്ത്രിയുടെ വാക്കുകള്‍ കേട്ടത്.
Follow us on :
Tags:
More in Related News
Please select your location.