Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിഹിറിന്റെ മരണം; റാഗിങ് പരാതിയിൽ അന്വേഷണം, സ്കൂൾ മാനേജ്മെന്റിന്റെയും കുട്ടികളുടെയും മൊഴി രേഖപ്പെടുത്തും

05 Feb 2025 11:01 IST

Shafeek cn

Share News :

എറണാകുളം തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ ആത്മഹത്യാ ചെയ്ത ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ അന്വേഷണം. മിഹിർ റാഗിങ് നേരിട്ട് എന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പുത്തൻകുരിശ് പൊലീസ് ആണ് അന്വേഷണം തുടങ്ങിയത്. ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവർ ആയതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം. സംഭവത്തിൽ മിഹിർ അഹമ്മദിന്റെ സഹോദരന്റെ മൊഴിയെടുത്തു. അതേസമയം മിഹിർ പഠിച്ച ആദ്യ സ്‌കൂളിലെ സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് രണ്ടാമത്ത സ്‌കൂളിൽ മിഹിറിന് മർദനമേറ്റതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതേ വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.


ക്രൂരമായ കുറ്റകൃത്യം ആണെങ്കിൽ മാത്രമേ കേസെടുക്കാൻ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടയിലാണ് റാ​ഗിങ് പരാതിയിൽ അന്വേഷണം നടക്കുന്നത്.


അതേസമയം മിഹിറിനെതിരെ ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. മിഹിർ സ്ഥിരം പ്രശ്നക്കാരനാണെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിലുണ്ട്. മിഹിറിന് മുൻപ് പഠിച്ച സ്കൂളിൽ പെൺകുട്ടിയെ ഉപദ്രവിച്ചതിന് ടി സി നൽകിയിരുന്നുവെന്നാണ് ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതരുടെ വാർ‌ത്തക്കുറിപ്പിൽ‌ പറയുന്നത്.


കൂട്ടുകാരുമായി ചേർന്ന് ഒരാളെ മർദ്ദിക്കുകയും ചെയ്തുവെന്നും സ്കൂൾ അധികൃതർ പറയുന്നു. കുട്ടിയുടെ മാതാപിതാക്കൾ ഉന്നയിച്ച പരാതിയിൽ തെളിവുകൾ ഇല്ല. ആരോപണ വിധേയരിയ കുട്ടികൾക്കെതിരെ നടപടി സ്വീകരിക്കാൻ തെളിവില്ലെന്നും ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ ഗ്ലോബല്‍ സ്‌കൂളിന്റെ ആരോപണങ്ങള്‍ തള്ളി കുടുംബം രംഗത്തെത്തി. കാര്യങ്ങള്‍ മറച്ചുവെക്കാന്‍ ഗ്ലോബല്‍ സ്‌കൂള്‍ ശ്രമിച്ചതായി കുടുംബം ആരോപിച്ചു. മരിച്ച വിദ്യാര്‍ത്ഥിയോട് കാണിക്കേണ്ട മാന്യത ഗ്ലോബല്‍ സ്‌കൂള്‍ പത്രക്കുറിപ്പില്‍ കാണിച്ചില്ലെന്നും കുടുംബം പറഞ്ഞു.

Follow us on :

More in Related News