Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയില്‍ ജീവിച്ച കലാകാരന്‍; ‘പോപ്പ് രാജാവ്’ മൈക്കല്‍ ജാക്സണ്‍ വിട പറഞ്ഞിട്ട് 15 വര്‍ഷം

25 Jun 2024 11:26 IST

Shafeek cn

Share News :

ഐതിഹാസിക ഗായകനും നര്‍ത്തകനുമായ മൈക്കല്‍ ജാക്‌സണ്‍ വിട പറഞ്ഞിട്ട് 15 വര്‍ഷം. ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികമാണ് മൈക്കല്‍ ജാക്സണ്‍ ലോകത്തെ വിസ്മയിപ്പിച്ചത്. അമേരിക്കന്‍ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനും നര്‍ത്തകനും അഭിനേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു മൈക്കല്‍ 'ജോസഫ്' ജാക്സണ്‍ എന്ന മൈക്കല്‍ 'ജോ' ജാക്സണ്‍. 1958 ഓഗസ്റ്റ് 29 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 2009 ജൂണ്‍ 25ന് അദ്ദേഹം സംഗീതം മാത്രം ബാക്കിയാക്കി ലോകത്തോട് വിട പറഞ്ഞു.


'പോപ്പ് രാജാവ്' എന്നറിയപ്പെടുന്ന അദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരില്‍ ഗിന്നസ് പുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്. സംഗീതം, നൃത്തം, ഫാഷന്‍ മുതലായ മേഖലകളിലെ സംഭാവനകള്‍ നാല് പതിറ്റാണ്ടുകളിലേറെ അദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീര്‍ത്തു. പോപ്പ് സംഗീതത്തിലെ കറുപ്പിനും വെളുപ്പിനുമിടയില്‍ ജീവിച്ച കലാകാരനായിരുന്നു മൈക്കല്‍ ജാക്സണ്‍. കടുത്ത വര്‍ണ വിവേചനത്തിന്റെ നാളുകളിലായിരുന്നു മൈക്കല്‍ ജാക്സണ്‍ രംഗപ്രവേശം ചെയ്തത്. സ്വന്തം രൂപത്തെ കുറിച്ചുള്ള അപകര്‍ഷതാബോധം സംഗീതം കൊണ്ട് മൈക്കല്‍ ജാക്സണ്‍ തുടച്ചുമാറ്റി.


പ്രണയം, വര്‍ണവിവേചനം, ഏകാന്തത, വനനശീകരണം, മലിനീകരണം, ദാരിദ്ര്യം,യുദ്ധക്കെടുതികള്‍... ജാക്സണ്‍ തന്റെ ഗാനങ്ങളിലൂടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അനവധി. 1991ല്‍ പുറത്തിറങ്ങിയ 'ഡെയ്ഞ്ചറസ്' ആല്‍ബം ലോകത്തെ ഏറ്റവും മൂല്യമേറിയ സംഗീതജ്ഞനാക്കി ജാക്‌സനെ ഉയര്‍ത്തി. ബീറ്റ് ഇറ്റ്, ബില്ലി ജീന്‍, ത്രില്ലര്‍ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വര്‍ണ വിവേചനത്തിന്റെ അതിര്‍ വരമ്പുകള്‍ തകര്‍ക്കാനും എംടിവി ചാനലിന്റെ വളര്‍ച്ചയ്ക്കും കാരണമായി. വളര്‍ച്ചയുടെ ഘട്ടത്തിലും ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങള്‍, പെരുമാറ്റങ്ങള്‍ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.


2009 ജൂണ്‍ 25ന് പ്രൊപ്പഫോള്‍, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മൈക്കല്‍ ജാക്‌സന്റെ മരണം. തുടര്‍ന്ന് ലോസ് ഏഞ്ചല്‍സ് കോടതി ജാക്സന്റെ മരണം നരഹത്യ ആണെന്നു വിധിക്കുകയും സ്വകാര്യ ഡോക്ടര്‍ ആയിരുന്ന കോണ്‍റാഡ് മുറേയെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ശിക്ഷിക്കുകയും ചെയ്തു. കോടിക്കണക്കിന് ജനങ്ങളാണ് ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ തത്സമയം ടെലിവിഷനിലൂടെ കണ്ടത്. മൈക്കല്‍ ജാക്സണ്‍ എന്ന മൈക്കല്‍ ജോസഫ് ജാക്സണ്‍ വിട പറഞ്ഞിട്ട് 15 വര്‍ഷം കഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ഇന്നും നിലനില്‍ക്കുന്നു.


Follow us on :

More in Related News