Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറയൂര്‍ ചന്ദന മോഷണം: മൂന്ന് പ്രതികളും വാഹനങ്ങളും കസ്റ്റഡിയില്‍

21 Nov 2024 20:05 IST

ജേർണലിസ്റ്റ്

Share News :


 

മറയൂര്‍: മറയൂര്‍ ചന്ദന ഡിവിഷനില്‍പെട്ട നാച്ചിവയല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എന്‍.എസ്.ആര്‍ 2ല്‍ നിന്നും ചന്ദന മരം മുറിച്ച് കടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. മറയൂര്‍ മൈക്കിള്‍ ഗിരിയില്‍ താമസിക്കുന്ന എറണാകുളം വെങ്ങോല വാളൂരാന്‍ വീട്ടില്‍ അബ്ദുള്‍ ജലീല്‍ (33), പുളിക്കരവയല്‍ സ്വദേശി രാജേഷ്‌കുമാര്‍ (26), മൈക്കിള്‍ഗിരി സ്വദേശി മനോജ്കുമാര്‍ (22) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.   

നാച്ചിവയല്‍ ചന്ദന റിസര്‍വിലെ ഇല്ലിക്കാട് ഭാഗത്ത് നിന്ന് കഴിഞ്ഞ ആറിനാണ് സര്‍ക്കാര്‍ ചന്ദന സംരക്ഷണ ഇരുമ്പുവേലി മുറിച്ച് അവിടെ നിന്നിരുന്ന നാല് ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ശിവ എന്നറിയപ്പെടുന്ന ശരത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കായി വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചന്ദനം കടത്താന്‍ പ്രതികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു കാറും ജീപ്പും മിനി പിക്കപ്പും ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ള പ്രതികളെ ഉടന്‍ തന്നെ കണ്ടെത്തുന്നതിനുള്ള ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി നാച്ചിവയല്‍ ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ സുരേഷ്‌കുമാര്‍ എം.എസ് പറഞ്ഞു. ഡി.എഫ്.ഒ പി.ജെ. സുഹൈബ്, റേഞ്ച് ഓഫീസര്‍ അബ്ജു കെ. അരുണ്‍, ഷിബു കുമാര്‍.വി, ശങ്കരന്‍ ഗിരി, വിഷ്ണു, കലാ എസ്., സ്മിജി ജി, സച്ചിന്‍ സി. ഭാനു, സുജേഷ് കുമാര്‍, വിഷ്ണു കെ. ചന്ദ്രന്‍ എന്നിവര്‍ നടത്തിയ സംയുക്തമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്. ഇന്ന് പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കും.


Follow us on :

More in Related News