Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന എസ്.ഐക്ക് ജപ്തി നോട്ടീസ്

21 Nov 2024 19:58 IST

ജേർണലിസ്റ്റ്

Share News :



അടിമാലി: സഹപ്രവര്‍ത്തകരായ മൂന്ന് വനിതാ പോലീസ് ഓഫീസര്‍മാര്‍ക്ക് വായ്പ എടുക്കുന്നതിനായി ജാമ്യം നിന്നതിന്റെ പേരില്‍ റിട്ട. എസ്.ഐ യുടെ വീടിനും പുരയിടത്തിനും ജപ്തി നോട്ടീസ്. ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാറുടെ നോട്ടീസ് വീടിന്റ ഭിത്തിയില്‍ പതിച്ചു. പോലീസില്‍ നിന്നും എസ്.ഐ ആയി വിരമിച്ച അടിമാലി വള്ളപ്പടി പുളിയാങ്കല്‍ പി.ജി അശോക് കുമാറിനാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘത്തില്‍ നിന്നുമാണ് സഹ പ്രവര്‍ത്തകര്‍ 2019 ല്‍ വായ്പ എടുത്തത്.

2019ല്‍ അശോക് കുമാര്‍ സര്‍വീസില്‍ ഇരിക്കെ മൂന്നു വനിതാ പോലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായി ഇടുക്കി പോലീസ് സഹകരണ സംഘത്തില്‍ ജാമ്യം നിന്നു. ഓവര്‍ ട്രാഫ്റ്റ് ആയിട്ടാണ് വായ്‌പെടുത്തത്. എന്നാല്‍ ഇതുവരെയും വനിതാ പോലീസുദ്യോഗസ്ഥര്‍ പണം തിരിച്ചടച്ചില്ല. കഴിഞ്ഞ ഡിസംബര്‍ 31-ന് അശോക് കുമാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ഘട്ടത്തില്‍ സംഘത്തില്‍ യാതൊരു ബാധ്യതയും ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഈ രേഖ കിട്ടിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നുള്ള തന്റെ സര്‍വീസുകാലത്തെ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.

അപ്പോഴാണ് ഇതുവരെയും ഒരു പൈസ പോലും വനിതകള്‍ അടച്ചിട്ടില്ല എന്ന വിവരം അശോക് അറിയുന്നത്. ഇതോടെ കഴിഞ്ഞ ജനുവരിയില്‍ അശോക് കുമാര്‍ ഇടുക്കി പോലീസ് സഹകരണ സംഘം ഓഫീസിന് മുന്‍പില്‍ നിരാഹാര സമരം ആരംഭിച്ചു. അതു വലിയ വാര്‍ത്തയായി. സംഭവം ശ്രദ്ധയില്‍പ്പെട്ട അന്നത്തെ ഇടുക്കി എസ്.പി സഹകരണ സംഘം ഭാരവാഹികളെയും, വായ്പ എടുത്ത വനിതാ പോലീസുകാരെയും അശോക് കുമാറിനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മൂന്നു മാസത്തിനകം വനിതാ പോലീസുകാര്‍ പൈസ അടയ്ക്കാമെന്ന ധാരണയില്‍ എത്തി. സംഘം ഭാരവാഹികള്‍ അശോക് കുമാറിന് നല്‍കുവാനുള്ള ബാധ്യത സര്‍ട്ടിഫിക്കറ്റ് നല്‍കുവാനും നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. എന്നാല്‍ വനിതാ പോലീസുകാര്‍ അന്ന് പറഞ്ഞ വാക്കു പാലിച്ചില്ല. ഇതുവരെയും ഒരു പൈസ പോലും അടച്ചിട്ടില്ല. തുക അടിയന്തരമായി ജാമ്യക്കാരനായ അശോക് കുമാര്‍ നല്‍കണമെന്നും അല്ലാത്തപക്ഷം താങ്കളുടെ വീടും പുരയിടവും ജപ്തി ചെയ്യുമെന്നും കാണിച്ച് അശോക് കുമാറിന്റെ വീടിന്റെ ഭിത്തിയില്‍ ചൊവ്വാഴ്ച സംഘം ഭാരവാഹികള്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. നവംബര്‍ 28ന് ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരായി ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറഞ്ഞിരിക്കുന്നു.

ഇനിയും ഒരു പതിറ്റാണ്ടില്‍ കൂടുതല്‍ സര്‍വീസിലുള്ള വനിതാ പോലീസുകാര്‍ക്ക് ഒരു നോട്ടീസ് പോലും അയക്കാതെ പോലീസ് അസോസിയേഷന്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും തന്റെ സ്വത്തും ഭൂമിയും തട്ടിയെടുക്കുവാന്‍ ശ്രമിക്കുകയാണെന്നും അശോക് കുമാര്‍ പറയുന്നു. വനിതാ പോലീസുകാര്‍ 

ഇപ്പോള്‍ ശാന്തന്‍പാറയില്‍ മൂന്നാറിലും ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഇപ്പോള്‍ അശോക് കുമാറിന്റെ ആവശ്യം.


Follow us on :

More in Related News