Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മനോരമ ഹോർത്തൂസ് നവംബർ 1 മുതൽ 3 വരെ

29 Oct 2024 08:14 IST

Enlight Media

Share News :

31ന് വൈകീട്ട് 4ന് കോഴിക്കോട് ബീച്ചിൽ മുഖ്യ‍‍‍‍മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും


കോഴിക്കോട് ∙ മലയാള മനോരമ സംഘടിപ്പിക്കുന്ന രാജ്യാന്തര കലാസാഹിത്യോത്സവമായ മനോരമ ഹോർത്തൂസ് 31ന് വൈകീട്ട് 4ന് കോഴിക്കോട് ബീച്ചിൽ മുഖ്യ‍‍‍‍മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവംബർ 1,2,3 തീയതികളിലാണ് മനോരമ ഹോർത്തൂസ്. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ചശേഷം നഗരത്തിൽ നടക്കുന്ന ആദ്യത്തെ മെഗാ കലാസാഹിത്യസാംസ്കാരിക സംഗമത്തിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമായി നാനൂറോളം അതിഥികൾ പങ്കെടുക്കുമെന്ന് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, സ്വാഗതസംഘം ജനറൽ കൺവീനർ മേയർ ബീന ഫിലിപ്, മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം എന്നിവർ അറിയിച്ചു.

എട്ട് വേദികളിലായി 130ലേറെ സെഷനുകളിലായാണ് മനോരമ ഹോർത്തൂസ് നടക്കുക. പങ്കാളിത്തം സ്ഥിരീകരിച്ചവരി‍ൽ എഴുത്തുകാരായ മരെക് ബെയ്ൻസ്ക്, ഡൊറോത്ത മസ്‌ലോസ്ക (പോളണ്ട്), കൊലേക പുടുമ (ദക്ഷിണാഫ്രിക്ക), കിം ഡോ ഉൻ, ഹെനാകിം (കൊറിയ) തുടങ്ങിയവരുണ്ട്. വിനോദവിജ്ഞാനപരിപാടികൾ ഉൾപ്പെടുത്തിയ കുട്ടികളുടെ പവിലിയനിൽ പട്ടം നിർമാണം, പട്ടം പറത്തൽ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയുണ്ടാവും. കൊറിയൻ വിഭവങ്ങളുടെ കുക്ക് സ്റ്റുഡിയോ, സ്റ്റാൻഡപ് കോമഡി എന്നിവയും ആകർഷണങ്ങളാണ്. ഹരിഹരൻ, എം. ജയചന്ദ്രൻ, സ്റ്റീഫൻ ദേവസ്സി, ബിജിബാൽ, സൂരജ് സന്തോഷ് തുടങ്ങിയ സംഗീതജ്ഞർ പങ്കെടുക്കുന്ന സംവാദപരിപാടികളുമുണ്ടാവും.

മൂന്ന് സമ്മേളനദിനങ്ങളിലും സംഗീതനിശകളുണ്ടാവും. ബാബുരാജ് സംഗീതനിശയാണ് ആദ്യത്തേത്. രണ്ടാംദിവസം പ്രമുഖ എഴുത്തുകാരുടെ കഥകളിൽനിന്ന് രൂപംകൊണ്ട സിനിമകളിലെ പാട്ടുകൾ കോർത്തിണക്കിയ ‘കഥകൾ പറയും പാട്ടുകൾ’, സമാപനദിവസം ഹരിഹരനും സ്റ്റീഫൻ ദേവസ്സിയും ഒന്നിക്കുന്ന ‘ഹരിഹരം’.

7500 ടൈറ്റിലുകളും മൂന്നു ലക്ഷത്തിലേറെ പുസ്തകങ്ങളുമുള്ള പുസ്തകശാല, മലയാള മനോരമയുടെ ചരിത്രം പത്രത്താളുകളിലൂടെ അവതരിപ്പിക്കുന്ന മനോരമ പവിലിയൻ,

44 കലാപ്രവർത്തകർ ബോസ് കൃഷ്ണമാചാരിയുടെ നേതൃത്വത്തിലൊരുക്കുന്ന കൊച്ചി ബിനാലെ പവിലിയൻ എന്നിവയ്ക്കു തുടക്കമായി. ഇവ മൂന്നും നവംബർ 10 വരെ തുടരും.

കോട്ടയം മനോരമ ആസ്ഥാനത്തുനിന്ന് 9ന് ആരംഭിച്ച അക്ഷരപ്രയാണവും ദീപശിഖായാത്രയും 31ന് കോഴിക്കോട് ഹോർത്തൂസ് വേദിയിൽ സമാപിക്കും. കോളജ് ക്യാംപസുകൾ, എഴുത്തിടങ്ങൾ, വായനശാലകൾ തുടങ്ങിയ 56 സാംസ്കാരികകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പ്രയാണം. ഓരോ കേന്ദ്രത്തിൽനിന്നും ശേഖരിച്ച മലയാള അക്ഷരങ്ങൾ പ്രധാനവേദിയിൽ സ്ഥാപിക്കും. ഹോർത്തൂസ് പ്രമാണിച്ച് 100 സ്പെഷൽ എഡിഷൻ പുസ്തകങ്ങളാണ് മനോരമ ബുക്സ് പുറത്തിറക്കുന്നത്. മലയാള മനോരമയുടെ 136 വർഷത്തെ അക്ഷരപ്രയാണത്തെ പ്രതീകവൽക്കരിച്ച്, തിരഞ്ഞെടുത്ത 136 പുസ്തകങ്ങൾക്ക് മനോരമ ബുക്സ് 50% ഡിസ്കൗണ്ടും നൽകുന്നുണ്ട്.

കേരളത്തിൽ പത്തോളം സാഹിത്യോത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും മനോരമ ഹോർത്തൂസ് അതിൽനിന്നെല്ലാം വ്യത്യസ്ത അനുഭവമായിരിക്കും പകരുകയെന്നും പല മാധ്യമങ്ങളെയും ഒരേസമയം അടുത്തറിയാൻ ഇതു സഹായിക്കുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ പറഞ്ഞു. കോഴിക്കോടിനു ലഭിച്ച യുനെസ്കോ സാഹിത്യനഗരപദവി നിലനിർത്താൻ ഹോർത്തൂസ് സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow us on :

More in Related News