Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടി അനുശ്രീയുടെ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

12 Dec 2024 13:12 IST

Shafeek cn

Share News :

ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാര്‍ മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ പ്രബിന്‍ ഭവനില്‍ പ്രബിനാ(29)ണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയ വാഹനമോഷണങ്ങളുടെ വിവരങ്ങളാണ് പുറത്തു വന്നത്. ഒട്ടേറെ ഇടങ്ങളില്‍ സമാനമായി ഇയാള്‍ വാഹനമോഷണം നടത്തിയതായി പോലീസ് പറഞ്ഞു. 2023-ല്‍ കല്ലമ്പലത്ത് കാര്‍ മോഷ്ടിച്ചതിന് അറസ്റ്റിലായ പ്രബിന്‍ കഴിഞ്ഞ ജൂലായിലാണ് ജയിലില്‍നിന്നു പുറത്തിറങ്ങിയത്.


കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആന്‍ഡ് പാര്‍ക്കില്‍നിന്ന് കാര്‍ മോഷണം പോയത്. കടയ്ക്കലില്‍ വര്‍ക്ക്ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ഇളക്കിയ നമ്പര്‍ പ്ലേറ്റ് മോഷ്ടിച്ച കാറില്‍ സ്ഥാപിച്ചു. തുടര്‍ന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബര്‍ വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവര്‍ന്നു.


അടുത്തദിവസം പത്തനംതിട്ട പെരിനാട്ട് കാറില്‍ എത്തിയ പ്രതി ഇവിടെ റബ്ബര്‍ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് കവര്‍ന്ന 400 കിലോയിലധികം റബ്ബര്‍ഷീറ്റ് പൊന്‍കുന്നത്ത് കൊണ്ടുപോയി വിറ്റു. പണവുമായി കോഴിക്കോട്ടുള്ള സ്‌നേഹിതയെ കാണാന്‍ പോകുംവഴി പാലായ്ക്കുസമീപം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ചത് പോലീസ് വാഹനത്തിലാണെന്നു തെറ്റിദ്ധരിച്ച് അവിടെനിന്നു കടന്ന പ്രതി സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ കാര്‍ ഉപേക്ഷിച്ച് ബസില്‍ തിരുവനന്തപുരത്തേക്കു പോയി. മോട്ടോര്‍ സൈക്കിളില്‍ വീണ്ടും കോഴിക്കോട്ടേക്കു പോകുംവഴി കൊട്ടാരക്കര ഫെയ്ത്ത് ഹോം ജങ്ഷനില്‍ ചൊവ്വാഴ്ച രാത്രി കൊട്ടാരക്കര പോലീസ് പിടികൂടുകയായിരുന്നു.


ഇതുള്‍പ്പെടെ പ്രതി ഉള്‍പ്പെട്ട എട്ട് മോഷണക്കേസുകള്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളില്‍ വലയിലാക്കിയത്. കൊട്ടാരക്കര ഇന്‍സ്‌പെക്ടര്‍ എസ്.ജയകൃഷ്ണന്റെ നേതൃത്വത്തില്‍, എസ്.ഐ.മാരായ എ.ആര്‍.അഭിലാഷ്, രജനീഷ്, വാസുദേവന്‍, രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജു ഡി.തോമസ്, സി.പി.ഒ.മാരായ എന്‍.രാജേഷ്, ശ്യാം കൃഷ്ണന്‍, അരുണ്‍ മോഹന്‍, ഡി.ദീപക്, അഭിസലാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Follow us on :

More in Related News