Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിനെതിരെ ദുഷ്പ്രചരണം: കോട്ടയത്ത് ബഹുജന പ്രതിഷേധമിരമ്പി

24 Sep 2024 23:04 IST

CN Remya

Share News :

കോട്ടയം: വയനാട്‌ ദുരന്തബാധിത മേഖലയിൽ സംസ്ഥാന സർക്കാർ നടത്തുന്ന പുനരധിവാസത്തെ അട്ടിമറിക്കുന്നതരത്തിൽ കുപ്രചാരണം നടത്തുന്നവർക്കെതിരെ കോട്ടയത്ത് ബഹുജന പ്രതിഷേധമിരമ്പി. ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കള്ളപ്രചാരണങ്ങളെ തുറന്നുകാണിക്കാൻ സിപിഎം നേതൃത്വത്തിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. വയനാട്‌ ദുരന്തം നടന്നപ്പോൾ മുതൽ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തുകയും പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്‌ത സർക്കാരിനെ ഇകഴ്‌ത്തിക്കാണിക്കാൻ കള്ളക്കണക്കുകൾ വരെ മാധ്യമങ്ങൾ നിരത്തി. ജനങ്ങൾക്കു മുന്നിൽ കള്ളത്തരം പൊളിഞ്ഞിട്ടും തിരുത്താൻ തയ്യാറാകാത്ത മാധ്യമങ്ങളുടെ ധാർഷ്‌ട്യത്തിനെതിരായ താക്കീത്‌കൂടിയായിരുന്നു ബഹുജന കൂട്ടായ്‌മ.

എൽഡിഎഫിന്റെ ജനകീയത വർധിച്ചതിൽ വിറളിപൂണ്ട മാധ്യങ്ങൾ ഏത്‌ രീതിയിലാണ്‌ വസ്‌തുതകൾ വളച്ചൊടിക്കുന്നതെന്ന്‌ യോഗം വ്യക്തമാക്കി. മാധ്യമ, പ്രതിപക്ഷ, ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ അപകടങ്ങളും വിശദമാക്കി.

തിരുനക്കര ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ നടന്ന പരിപാടി മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. വയനാട്ടിലെ പുനരധിവാസക്കണക്കുകൾ സംബന്ധിച്ച്‌ കള്ളപ്രചാരണം നടത്തിയതും ചില മാധ്യമങ്ങൾ അത്‌ തിരുത്താൻ പോലും തയ്യാറാകാതിരുന്നതും മാധ്യമരംഗത്ത്‌ വളർന്നുവരുന്ന അധമ സംസ്‌കാരത്തിന്റെ സൂചനയാണെന്ന്‌ മന്ത്രി വി എൻ വാസവൻ പറഞ്ഞു. ദുരന്തം ഉണ്ടായപ്പോൾ മുതൽ സർക്കാരിന്റെ എല്ലാ രക്ഷാസംവിധാനങ്ങളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു. സർവകക്ഷിയോഗത്തിൽ രാഷ്‌ട്രീയ എതിരാളികൾ പോലും സർക്കാരിന്റെ പ്രവർത്തനത്തെ പുകഴ്‌ത്തി. കേന്ദ്രചട്ടങ്ങൾ പ്രകാരമാണ്‌ ചെലവിന്റെ എസ്‌റ്റിമേറ്റ്‌ നൽകിയത്‌. ഇതിനെ ചില മാധ്യമങ്ങൾ വളച്ചൊടിച്ച്‌ അവതരിപ്പിച്ചു. വസ്‌തുത മനസിലായപ്പോൾ ചിലർ തിരുത്തി, ചിലർ തിരുത്തിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കെവിൻ കൊലക്കേസിന്റെ പേരിൽ സർക്കാരിനെയും ഇടതുപക്ഷത്തെയും കുറ്റപ്പെടുത്തി ഒരു പകൽ മുഴുവൻ മാധ്യമങ്ങൾ വാർത്ത നൽകിയ സംഭവം നമ്മുടെ മുമ്പിലുണ്ട്‌. ജനങ്ങൾ വസ്‌തുത മനസിലാക്കുന്നുണ്ട്‌. വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ കഴിയുമ്പോൾ എൽഡിഎഫ്‌ സർക്കാരിന്‌ പ്രതിച്‌ഛായ കൂടുമെന്ന തിരിച്ചറിവാണ്‌ അട്ടിമറി ശ്രമങ്ങൾക്ക്‌ പിന്നിലെന്നും മന്ത്രി പറഞ്ഞു.

സിപിഎം ജില്ലാ കമ്മറ്റിയംഗം എം കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, ജില്ലാ കമ്മറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, ബി ആനന്ദക്കുട്ടൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News