Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെസഹാ വ്യാഴത്തിൽ വിശ്വാസികളെ സന്ദർശിച്ചും; ക്ഷേത്രത്തിൽ എത്തി വോട്ട് അഭ്യർഥിച്ചും എം.എ റസാഖ് മാസ്റ്റർ

03 Apr 2026 22:46 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.എ റസാഖ് മാസ്റ്റർ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ച് വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടി. പെസഹാ വ്യാഴത്തിന്റെ ഭാഗമായി മാവൂരിലെ ക്രിസ്തുരാജാ പള്ളിയിൽ പ്രാർഥനയ്ക്കായി എത്തിയ വിശ്വാസികളെ സന്ദർശിച്ച അദ്ദേഹം പിന്നീട് കാരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടയിലും എത്തി ഭക്തജനങ്ങളോട് വോട്ട് അഭ്യർഥിച്ചു.


തിരുവത്താഴ സ്മരണയിൽ ആചരിച്ച പെസഹാ വ്യാഴത്തിന്റെ ഭാഗമായി ക്രിസ്തുരാജാ പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത വിശ്വാസികളുമായി റസാഖ് മാസ്റ്റർ കൂടിക്കാഴ്ച നടത്തി. ജിന്റോ പിതാവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങുകൾക്കിടെ വിശ്വാസികളോട് സംസാരിച്ച അദ്ദേഹം അവരുടെ അനുഗ്രഹവും പിന്തുണയും തേടി. യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.


തുടർന്ന് കാരന്തൂരിലെ ഹരഹര മഹാദേവ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ എത്തിയ റസാഖ് മാസ്റ്ററെ വിശ്വാസികളും നാട്ടുകാരും ആവേശപൂർവം സ്വീകരിച്ചു. ക്ഷേത്രപരിസരത്ത് നിലനിൽക്കുന്ന ചില അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ചടങ്ങിനിടെ ക്ഷേത്ര ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കേണ്ടതിന്റെ ആവശ്യകത അവർ വിശദീകരിച്ചു.


ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനായി ആവശ്യമായ ഫണ്ട് അനുവദിക്കാൻ ശ്രമിക്കുമെന്ന് റസാഖ് മാസ്റ്റർ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ജനങ്ങളുമായി അടുത്തിടപഴകി അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാര മാർഗങ്ങൾ കണ്ടെത്തുകയാണ് തന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ഭക്തജനങ്ങളോടൊപ്പം സമയം ചെലവഴിച്ച റസാഖ് മാസ്റ്റർ അവരോടൊപ്പം ഭക്ഷണവും കഴിച്ചു. വിവിധ മതവിശ്വാസികളുമായി സൗഹൃദ സംഭാഷണങ്ങൾ നടത്തി അവരുടെ പിന്തുണ തേടിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

Follow us on :

More in Related News