Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട്ടിൽ മാനിനെ ഇടിച്ച കെ എസ് ആര്‍ ടി സി ബസ് വിട്ടുനല്‍കി; പിടിച്ചിട്ടത് 24 ദിവസം; കെട്ടിവച്ചത് 13 ലക്ഷം രൂപ

13 May 2025 21:47 IST

Jithu Vijay

Share News :

സുൽത്താൻ ബത്തേരി : ബസ്സിടിച്ച്‌ മാൻ ചത്ത സംഭവത്തില്‍ കസ്റ്റഡിയിലായ കെഎസ്‌ആർടിസി സ്കാനിയ ബസിന് ഒടുവില്‍ മോചനം. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീർഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനല്‍കാൻ ബത്തേരി ജെഎഫ്സിഎം കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 19ന് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് ദേശിയ 766ല്‍ കല്ലൂരിനും മുത്തങ്ങക്കും ഇടയില്‍ വച്ച്‌ മാനിനെ ഇടിച്ചിട്ടത്. സംഭവമറിഞ്ഞെത്തിയ വനപാലകര്‍ ബസ്സ് കസ്റ്റഡിയിലെടുത്തിരുന്നു. തിരുവനന്തപുരം ഡിപ്പോയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ ബസ്സാണിത്.



ബസ് വിട്ടുകിട്ടുന്നതിലേക്കായി നിർദേശിച്ച 13 ലക്ഷം രൂപ കെഎസ്‌ആർടിസി കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിലെ ബസിന്റെ രേഖകള്‍ മുഴുവനായി ഹാജരാക്കാനും വൈകിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസാണിത്. ഈ ബസ് കസ്റ്റഡിയിലായതോടെ മറ്റൊരു ബസ് ഈ സർവീസ് നടത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.


മുത്തങ്ങക്കടുത്ത് എടത്തറയില്‍ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്കാനിയ ബസ്സിടിച്ചത്. ലോഫ്ളോർ ബസായതിനാല്‍ മാൻ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയുംചെയ്തു. തുടർന്ന് വന്യജീവിസംരക്ഷണനിയമത്തില്‍ നായാട്ടിനുള്ള സെക്ഷൻ ഒൻപത് പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് പൊൻകുഴി സെക്ഷൻ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.


സംഭവത്തില്‍ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോടതിയില്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയില്‍ നല്‍കും. തുടർന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടർനടപടികള്‍ സ്വീകരിക്കും. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയില്‍ വനംവകുപ്പിന്റെ ആർആർടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.


ബസിന്റെ മുൻ ബംപറിലും ടയറുകള്‍ക്കും കേടുപാടുണ്ട്. ഇത്രയും ദിവസമായി ഓടാത്തതിനാല്‍ കേടുപാടുകള്‍ തീർത്ത് വിശദമായ പരിശോധനയ്ക്ക് ശേഷമേ ബസ് നിരത്തിലിറക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു.

Follow us on :

More in Related News