Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം - എറണാകുളം മെമു ഓടി തുടങ്ങി;ഇത് സ്പെഷ്യൽ സർവീസ് വൈകാതെ സ്ഥിരമാകും

07 Oct 2024 09:50 IST

Enlight News Desk

Share News :


 കൊല്ലം: യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്ന് എറണാകുളം-കൊല്ലം റൂട്ടിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച സ്‌പെഷ്യൽ മെമു സർവ്വീസിന് ഇന്ന് ഓടി തുടങ്ങി. കോട്ടയം വഴി സർവ്വീസ് നടത്തുന്ന മെമുവിന് എട്ട് കോച്ചുകളാണ് ഉള്ളത്. തിങ്കൾ മുതൽ വെള്ളി വരെയാണ് മെമു സർവ്വീസ് നടത്തുന്നത്. ശനി,ഞായർ ദിവസങ്ങളിൽ സർവ്വീസ് ഉണ്ടായിരിക്കില്ല. ട്രയിനിൽ 800 പേർക്ക് വരെ യാത്ര ചെയ്യാനാകും.

രാവിലെ 05:55നാണ് കൊല്ലത്ത് നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെട്ട് 9.35 ഓടെ എറണാകുളത്തെത്തി. പുതിയ ട്രെയിനിന് സ്വീകരണം നൽകാനും ആദ്യ യാത്രയിൽ പങ്കുചേരാനും കൊല്ലം എംപി എൻകെ പ്രേമചന്ദ്രനും, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷും റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. നിലവിൽ സ്പെഷ്യൽ ട്രെയിനായി ഓടുന്ന സർവീസ് വൈകാതെ റെഗുലറാകുമെന്ന് എംപിമാർ പ്രതികരിച്ചു.


06169 കൊല്ലം - കോട്ടയം - എറണാകുളം മെമു രാവിലെ 5:55ന് കൊല്ലം റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നാണ് പുറപ്പെട്ടത്. എട്ട് കോച്ചുകളുള്ള ട്രെയിൻ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഓടുക. ഇന്ന് മുതൽ നവംബർ 29 വരെ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ 40 സർവീസുകൾ വീതം നടത്തും. മെമു ഓടിത്തുടങ്ങുന്നതോടെ വേണാട് എക്സ്പ്രസിലെ അനിയന്ത്രിത തിരക്ക് ഒഴിവാകുമെന്ന് എംപിമാർ പറഞ്ഞു. വേണാട് എക്സ്പ്രസിൽ കയറുന്ന 800 യാത്രക്കാർക്ക് ഇനി ഈ മെമുവിൽ കയറാൻ കഴിയും.അതോടെ വേണാടിലെ അനിയന്ത്രിത തിരക്ക് ഒഴിവാകും.' എംപി പറഞ്ഞു.യാത്രാദുരിതം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പെട്ടെന്ന് ഒരു മെമു അനുവദിച്ച് തരുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളും, പുതിയ മെമു അനുവദിക്കാൻ മൂന്ന്, നാല് മാസം വേണ്ടിവരുമെന്നുമായിരുന്നു റെയിൽവേയുടെ വിശദീകരണം. അതുകൊണ്ടാണ് തിരക്ക് കുറക്കാൻ താൽക്കാലികമായി സ്പെഷ്യൽ ട്രെയിൻ രണ്ട് മാസത്തേക്ക് അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് 40 സർവീസുകളെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.ദേശീയപാത നിർമാണമാണ് നിലവിൽ ട്രെയിൻ യാത്രക്കാർ കൂടാൻ കാരണമായത്.

കൊല്ലത്തിനും എറണാകുളത്തിനും ഇടയിൽ 16 സ്റ്റോപ്പുകളാണ് പുതിയ മെമു ട്രെയിനുള്ളത്. രാവിലെ 07:56 ന് കോട്ടയത്ത് എത്തുന്ന ട്രെയിൻ 09:35നാണ് എറണാകുളം ജങ്ഷനിലെത്തുക.

തിരികെ 9.50 ന് എറണാകുളം ജങ്ഷൻ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.30 ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകൾക്കിടയിൽ ഒരു ട്രെയിൻ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ്.


എറണാകുളത്തേക്കുള്ള സമയക്രമം

കൊല്ലം (രാവിലെ 5.55), പെരിനാട് ( 6.10), മൺറോ തുരുത്ത് ( 06.30), ശാസ്താംകോട്ട (6.39), കരുനാഗപ്പള്ളി (6.50), കായംകുളം (7.05), മാവേലിക്കര (7.13), ചെങ്ങന്നൂർ (7. 25), തിരുവല്ല (7.34), ചങ്ങനാശ്ശേരി (7.43), കോട്ടയം (8.04), ഏറ്റുമാനൂർ ( 8.16), കുറുപ്പന്തറ (8.25), വൈക്കം റോഡ് (8.34), പിറവം റോഡ് ( 8.42), മുളന്തുരുത്തി (8.53), തൃപ്പൂണിത്തുറ (9.03), എറണാകുളം (9.35).


കൊല്ലത്തേക്കുള്ള സമയക്രമം

എറണാകുളം ( രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളന്തുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏറ്റുമാനൂർ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂർ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), മൺറോതുരുത്ത് (12.47), പെരിനാട് (12.54), കൊല്ലം (1.30).

Follow us on :

More in Related News