Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവടിച്ചേലില്‍ കൊടകര ഷഷ്ഠി ആഘോഷം

07 Dec 2024 21:37 IST

John Koply

Share News :




കാവടിച്ചേലില്‍ കൊടകര ഷഷ്ഠി ആഘോഷം


 കൊടകര: അഴകിന്റെ പീലി പൂക്കള്‍ വിടര്‍ത്തി നിറഞ്ഞാടിയ കാവടിക്കൂട്ടങ്ങള്‍ കൊടകര കുന്നതൃക്കോവില്‍ ക്ഷേത്രത്തിലെ വൃശ്ചിക ഷഷ്ഠി ആഘോഷം വര്‍ണാഭമാക്കി. 19 സമാജങ്ങളില്‍ നിന്നുള്ള കാവടികളാണ് ഇന്നലെ പകലും രാത്രിയിലും കൊടകരയിലെ വഴികളില്‍ വര്‍ണം വിതറി നിറഞ്ഞാടിയത്. പുലര്‍ച്ചെ നാലുമണിയോടെ പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് പാല്‍, പനിനീര്, കളഭം, പഞ്ചാമൃതം തുടങ്ങിയ അഭിഷേകദ്രവ്യങ്ങളുമായി  ഊരാളനും ദേവസ്വം അധികൃതരും ആഘോഷകമ്മിറ്റി ഭാരവാഹികളും കുന്നിന്‍ മുകളിലുള്ള സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പുറപ്പെട്ടതോടെയാണ് ഷഷ്ഠിചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.  കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ ആദ്യത്തെ അഭിഷേകം ദേവസ്വം വകയായാണ് നടന്നത്.  തുടര്‍ന്ന് ഭക്തജനങ്ങളുടെ വക അഭിഷേകങ്ങള്‍ ആരംഭിച്ചു. 19 കാവടി സമാജങ്ങളില്‍ നിന്നുള്ള ഭാരവാഹികള്‍ ഓരോ കാവടിയുമായി കുന്നിന്‍ മുകളിലെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തിയ ശേഷമാണ് കാവടിയാട്ടം തുടങ്ങിയത്. രാവിലെ വിവിധ കാവടിസമാജങ്ങളില്‍ നിന്ന് കാവടി ഘോഷയാത്രകള്‍ പുറപ്പെട്ടു. പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിലാണ് ഷഷ്ഠി ആഘോഷം നടന്നതെങ്കിലും കാവടിയാട്ടത്തിന് വേദിയായത് പൂനിലാര്‍ക്കാവ് മൈതാനമാണ്. പത്തൊമ്പത്് കാവടിസെറ്റുകളാണ് ഇക്കുറി ആഘോഷത്തില്‍ പങ്കെടുത്തത്. ഉച്ചയോടെ പൂനിലാര്‍ക്കാവ് ക്ഷേത്രമൈതാനത്തെത്തിയ  കാവടിസെറ്റുകളെ ആതിഥേയരായ കാവില്‍ കരയോഗം സെറ്റ് ആചാരപ്രകാരം എതിരേറ്റ് ക്ഷേത്രനടയിലേക്കാനയിച്ചു. വിശ്വബ്രാഹ്മണസമാജം വക കാവടി സെറ്റാണ് ആദ്യം ക്ഷേത്രമൈതാനത്ത് പ്രവേശിച്ചത്. തുടര്‍ന്ന് മറ്റ് സെറ്റുകള്‍ ഊഴമനുസരിച്ച് ക്ഷേത്രമൈതാനത്തെത്തി. അവസാന ഊഴക്കാരായ കാവടി സെറ്റ് പൂനിലാര്‍ പ്രവേശിച്ച് ആട്ടം അവസാനിപ്പിച്ചപ്പോള്‍ ഉച്ചകഴിഞ്ഞ് നാലുമണി കഴിഞ്ഞിരുന്നു.വൈകുന്നേരം ഏഴുമണിക്ക് പൂനിലാര്‍ക്കാവില്‍ നിന്ന് ചെട്ടിവാദ്യത്തിന്റെ അകമ്പടിയോടെ കുന്നതൃക്കോവില്‍ ക്ഷേത്രത്തിലേക്ക് നടന്ന ഭസ്മക്കാവടി എഴുന്നള്ളിപ്പിലും നിരവധി ഭക്തര്‍ പങ്കെടുത്തു.  കാവടിക്ക് അകമ്പടിയായി നാദസ്വരം, പഞ്ചാരിമേളം ,ശിങ്കാരിമേളം, ബാന്റ് വാദ്യം, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ദേവനൃത്തം എന്നിവയും ഉണ്ടായി.


Follow us on :

More in Related News