Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2026 10:56 IST
Share News :
ദുബായ്: വേൾഡ് മലയാളി ഫെഡറേഷൻ (WMF) ദുബായ് സ്റ്റേറ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷവും കലാസന്ധ്യയും ഒക്ടോബർ 31ന് നടക്കും. ശനിയാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 9 വരെ കരാമയിലെ സുൽഫി മീഡിയയിലാണ് പരിപാടി. ചടങ്ങിൽ WMF ഗ്ലോബൽ ആർട്ട് & കൾച്ചറൽ ഫോറം വിഭാവനം ചെയ്യുന്ന ആഗോള കലാമഹോത്സവമായ ‘വിശ്വ മലയാളി കലോത്സവം’ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രവാസി മലയാളികളുടെ കലാവാസനകൾക്ക് ആഗോളവേദിയൊരുക്കുകയും മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രചാരണവും സംരക്ഷണവും ലക്ഷ്യമിടുകയും ചെയ്യുന്ന പദ്ധതിയാണ് വിശ്വ മലയാളി കലോത്സവം. മുതിർന്നവർക്കും കുട്ടികൾക്കുമായി സംഗീതം, നൃത്തം, കവിതാരചന, ചിത്രരചന, മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി തുടങ്ങി വിവിധ മത്സരവിഭാഗങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യൂണിറ്റ്, ജില്ലാ തലങ്ങളിൽനിന്ന് ആരംഭിക്കുന്ന മത്സരങ്ങൾ ദേശീയ, റീജിയണൽ തലങ്ങളിലൂടെ മുന്നേറും. വിവിധ ഘട്ടങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകൾ ഗ്ലോബൽ ഫൈനലിൽ മാറ്റുരയ്ക്കും. വിജയികളെ WMF ഗ്ലോബൽ കൺവെൻഷനിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കേരളപ്പിറവി ആഘോഷത്തിൽ WMF ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ മുഖ്യാതിഥിയാകും. എക്സ്പെർട്ട് യുണൈറ്റഡ് മറൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും മാരിടൈം ഇന്ത്യ ബ്രിക്സ് ട്രേഡ് കൗൺസിൽ ചെയർമാനുമായ എൻ. എം. പണിക്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
WMF ഗ്ലോബൽ വൈസ് പ്രസിഡന്റും മിഡിൽ ഈസ്റ്റ് ഓവർസീയറുമായ ഏലിയാസ് ഇസഹാക്, ഗ്ലോബൽ ആർട്ട് & കൾച്ചറൽ ഫോറം കോർഡിനേറ്റർ ഫിറോസ്, WMF യു.എ.ഇ നാഷനൽ പ്രസിഡന്റ് സുധീർ ദേവരാജൻ, നാഷനൽ കോർഡിനേറ്റർ അബ്ദുൽ വഹിബ്, WMF ദുബായ് സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഷാഫി അഷ്‌റഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
സംഗീതനിശയും വിവിധ കലാപരിപാടികളും അരങ്ങേറുന്ന കേരളപ്പിറവി ആഘോഷം പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയ്ക്ക് വേദിയാകുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.