Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 21:22 IST
Share News :
മസ്‌കറ്റ്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പുതുക്കിയ നിരക്കുകളിലെ പ്രീമിയം വർധന പിൻവലിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാകുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിക്കണമെന്നും ഒമാൻ പ്രവാസി അസോസിയേഷൻ (OPA) ആവശ്യപ്പെട്ടു. പ്രീമിയം വർധന പ്രവാസികളുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.
കുറഞ്ഞ വരുമാനത്തിൽ ജോലി ചെയ്യുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയത്തിലെ വർധന അധികഭാരമാകുമെന്ന് അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമവും കുടുംബങ്ങളുടെ സുരക്ഷയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾ എല്ലാവർക്കും പ്രയോജനകരവും സാമ്പത്തികമായി താങ്ങാനാകുന്നതുമായിരിക്കണമെന്നും ആവശ്യപ്പെട്ടു.
നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പുനഃപരിശോധിച്ച് നിരക്ക് കുറയ്ക്കുക, ഇൻഷുറൻസ് ആനുകൂല്യങ്ങളും നിരക്കുകളും സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് പുനഃക്രമീകരിക്കുക, അർഹരായവർക്ക് പ്രവാസി ക്ഷേമ പെൻഷൻ കൃത്യസമയത്ത് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ മുന്നോട്ടുവച്ചു.
പ്രവാസികളുടെ ക്ഷേമത്തിനായി ആവിഷ്കരിക്കുന്ന പദ്ധതികൾ അവരുടെ യഥാർഥ ആവശ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചായിരിക്കണം നടപ്പാക്കേണ്ടതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ആശങ്കകൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യപരവും ക്രിയാത്മകവുമായ ഇടപെടലുകൾ നടത്തുകയും ചെയ്യുമെന്നും വ്യക്തമാക്കി.
ജാതി, മതം, രാഷ്ട്രീയം, സാമ്പത്തിക സ്ഥിതി എന്നിവയുടെ വ്യത്യാസമില്ലാതെ പ്രവാസികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറഞ്ഞു.
പ്രവാസികളുടെ ക്ഷേമം ഔദാര്യമല്ല, അർഹമായ പരിഗണനയാണ്. പ്രവാസികൾക്ക് ആശ്വാസമാകേണ്ട പദ്ധതികൾ അവർക്ക് സാമ്പത്തിക ഭാരമായി മാറരുതെന്നും ഒമാൻ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.