Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം: കൈരളി ഒമാൻ

28 Oct 2026 19:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ വർധന പിൻവലിച്ച് പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്ന് കൈരളി ഒമാൻ ആവശ്യപ്പെട്ടു. പ്രീമിയം വർധന സാധാരണക്കാരായ പ്രവാസികൾക്കും മുതിർന്നവർക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് സംഘടന വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാച്ചെലവ് കുറയ്ക്കുകയും സാധാരണ വരുമാനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മുൻ എൽഡിഎഫ് സർക്കാർ നോർക്ക കെയർ പദ്ധതി നടപ്പാക്കിയതെന്ന് കൈരളി ഒമാൻ വ്യക്തമാക്കി. എന്നാൽ, നിലവിലെ യുഡിഎഫ് സർക്കാർ പദ്ധതിയെ അട്ടിമറിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.

നോർക്ക കെയർ പദ്ധതിയിൽ വിശ്വാസമർപ്പിച്ച് സ്വകാര്യ ഇൻഷുറൻസ് പോളിസികൾ ഉപേക്ഷിച്ച പ്രവാസികൾക്ക് പ്രീമിയം വർധന ഇരട്ടപ്രഹരമാണെന്നും സംഘടന അഭിപ്രായപ്പെട്ടു. ഉയർന്ന നിരക്ക് താങ്ങാനാകാതെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നാൽ പഴയ ഇൻഷുറൻസ് പരിരക്ഷയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാൻ കഴിയുമോ എന്ന ആശങ്കയും പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു.

ചികിത്സാ പരിരക്ഷ കൂടുതൽ ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയരുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്താക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്. പ്രവാസിക്ഷേമ പദ്ധതികളുടെ വിജയം സാമ്പത്തിക കണക്കുകൾക്കൊപ്പം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷയും അടിസ്ഥാനമാക്കി വിലയിരുത്തണമെന്നും കൈരളി ഒമാൻ ആവശ്യപ്പെട്ടു.

പ്രീമിയം വർധന പുനഃപരിശോധിച്ച് അന്യായമായ വർധന പിൻവലിക്കുക, നിലവിലുള്ള അംഗങ്ങൾക്ക് പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാൻ അവസരമൊരുക്കുക, മുതിർന്ന പ്രവാസികൾക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാനാവുന്ന നിരക്കുകൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുന്നോട്ടുവച്ചു.

പ്രവാസികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എല്ലാവർക്കും പ്രാപ്യമായ ചികിത്സാ പരിരക്ഷ ഉറപ്പാക്കണമെന്നും കൈരളി ഒമാൻ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Follow us on :

More in Related News