Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2026 06:50 IST
Share News :
മസ്കറ്റ്: ജീവൻ രക്ഷിക്കുക എന്ന മഹത്തായ സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) ഒമാൻ മസ്കറ്റ് സ്റ്റേറ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള രക്തബാങ്കിന്റെ സഹകരണത്തോടെ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റൂവിയിലെ ലുലു ഹൈപ്പർമാർക്കറ്റിന് സമീപമുള്ള ഹാനി ക്ലിനിക് വിസ മെഡിക്കൽ ഹാളിലായിരുന്നു ക്യാമ്പ്.
രക്തദാനത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും രക്തം ആവശ്യമുള്ളവർക്ക് സഹായമെത്തിക്കുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പിൽ ഡബ്ല്യുഎംഎഫ് അംഗങ്ങൾ, സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരടക്കം വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത് രക്തം ദാനം ചെയ്തു. സന്നദ്ധരായവരുടെ പേരുകൾ മുൻകൂട്ടി ശേഖരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിച്ച ഷിബിൻ, യജിഷ ഷിബിൻ എന്നിവരെ ഡബ്ല്യുഎംഎഫ് ഒമാൻ കൗൺസിൽ പ്രത്യേകം അഭിനന്ദിച്ചു. രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാനാകുമെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.
ഡബ്ല്യുഎംഎഫ് ഒമാൻ കൗൺസിൽ പ്രസിഡന്റ് ജോർജ് പി. രാജൻ, സെക്രട്ടറി അർച്ചന വിജയകുമാർ, മസ്കറ്റ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അനിൽ വർഗീസ്, മസ്കറ്റ് സ്റ്റേറ്റ് സെക്രട്ടറി തംജീദ്, രാജൻ വി കോക്കൂരി, ഷിബിൻ, യജിഷ ഷിബിൻ, മീഡിയ കോഓർഡിനേറ്റർ മുഹമ്മദ് യാസീൻ ഒരുമനയൂർ എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രക്തദാനത്തിലൂടെ ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ പേർ പങ്കാളികളാകണമെന്നും അഭ്യർഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.